Wednesday, May 8, 2024
spot_img

അതിർത്തിയിൽ യുദ്ധസമാനമായ അന്തരീക്ഷം; കശ്മീരിൽ പതിനായിരം സൈനികരെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചതായി റിപ്പോര്‍ട്ട് ; നിയന്ത്രണരേഖയ്ക്ക് സമീപമുള്ള 27 ഗ്രാമങ്ങളിലെ താമസക്കാരോട് ഒഴിഞ്ഞു പോകാന്‍ തയ്യാറാകാനും ഇന്ത്യന്‍ സെെന്യത്തിന്റെ നിര്‍ദ്ദേശം

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പതിനായിരം സൈനികരെ കേന്ദ്രസര്‍ക്കാര്‍ കശ്മീരിലേക്ക് നിയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍. 45 കമ്പനി സിആര്‍പിഎഫ്, 35 കമ്പനി ബിഎസ്‌എഫ്, 10 കമ്പനി എസ്‌എസ്ബി, ഐടിബിപി സൈനിക വിഭാഗങ്ങളെയാണ് ഇന്നലെ അടിയന്തരമായി വിമാനമാര്‍ഗം കശ്മീരിലെത്തിച്ചതെന്നാണ് വിവരം. ഇതില്‍ 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബിഎസ്‌എഫിനെ കശ്മീരില്‍ നിയോഗിക്കുന്നത്.

കശ്മീര്‍ ഗ്രാമങ്ങളിലെ പ്രദേശവാസികളോടു ഒഴിഞ്ഞുപോകാന്‍ തയ്യാറായിരിക്കാനും സെെന്യം അറിയിച്ചിട്ടുണ്ട്. രജൗറി ജില്ലയിലെ നൗഷേര ഭാഗത്ത് അതിര്‍ത്തി നിയന്ത്രണരേഖയ്ക്ക് സമീപമുള്ള 27 ഗ്രാമങ്ങളിലെ താമസക്കാരോടാണ് ഏതു നിമിഷവും ഒഴിഞ്ഞുപോകാന്‍ തയ്യാറായിരിക്കാന്‍ സൈന്യം നിര്‍ദേശം നല്‍കിയത്.

അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്നലെ ഉച്ച മുതല്‍ ഇന്ത്യന്‍ പോര്‍ വിമാനങ്ങളും വട്ടമിട്ട് പറക്കാന്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. അതിര്‍ത്തിയില്‍ പാകിസ്ഥാനും സൈനിക സന്നാഹം വര്‍ധിപ്പിക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതിനിടെ സംസ്ഥാനത്ത് വിഘടനവാദി നേതാക്കളെ കസ്റ്റഡിയിലെടുക്കുന്നത് പൊലീസ് ശക്തമാക്കി. ജമ്മുകശ്മീര്‍ വിമോചന മുന്നണി തലവന്‍ യാസിന്‍ മാലിക്, ജമാ അത്തെ ഇസ്ലാമി കശ്മീര്‍ തലവന്‍ അബ്ദുള്‍ ഹമീദ് ഫയസ് എന്നിവരടക്കം 150 ഓളം വിഘനവാദി നേതാക്കളെ പൊലീസ് തടങ്കലിലാക്കി. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ കശ്മീര്‍ താഴ്വരയില്‍ ഇന്ന് കടകള്‍ അടച്ച്‌ പ്രതിഷേധിക്കാന്‍ വിഘടനവാദികള്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles