തിരുവനന്തപുരം :തലസ്ഥാനത്ത് യുവതിക്ക് ക്രൂര പീഡനം. ഇന്ന് രാവിലെയാണ് കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. സുഹൃത്താണ് പെൺകുട്ടിയെ ക്രൂര പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി കിരൺ അറസ്റ്റിലായി. കഴിഞ്ഞ ദിവസം മറ്റൊരു സുഹൃത്തുമായി പെൺകുട്ടി ആഹാരം കഴിക്കാൻ ഹോട്ടലിലെത്തിയത് കണ്ട് പ്രകോപിതനായ ഇയാൾ പെൺകുട്ടിയെ വാഹനത്തിൽ ഭീഷണിപ്പെടുത്തി കയറ്റിക്കൊണ്ടു പോകുകയായിരുന്നു. ശേഷം സമീപത്തെ ഗോഡൗണിൽ കൊണ്ടുപോയ ശേഷം വിവസ്ത്രയാക്കുകയും ക്രൂരമായി മർദിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു.
പീഡനം സഹിക്ക വയ്യാതെ പെൺകുട്ടി ഇറങ്ങി ഓടുകയും അയൽവാസികളോട് സഹായം അഭ്യർത്ഥിക്കുകയുമായിരുന്നു. അയൽവാസികളാണ് പെൺകുട്ടിക്ക് വസ്ത്രം നൽകിയതും വിവരം പോലീസിൽ അറിയിച്ചതും. പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം നടത്തിയ പരിശോധനയിൽ ഗോഡൗണിൽ ഒളിച്ചിരുന്ന പ്രതിയെ പിടികൂടി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

