Monday, April 29, 2024
spot_img

വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിലെ സുരക്ഷ വീഴ്ച്; കാണാതായ പെണ്‍കുട്ടികളെ കോഴിക്കോട് നഗരത്തിൽ കണ്ടെത്തി; സംഭവത്തെ കുറിച്ച് സിറ്റിപൊലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് അസിസ്റ്റന്‍റ് കമ്മീഷണര്‍

കോഴിക്കോട്: വെള്ളിമാട് കുന്നിലെ ചില്‍ഡ്രന്‍ ഹോമില്‍ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളേയും കോഴിക്കോട് നഗരത്തില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കണ്ടെത്തി . സംഭവം അറിഞ്ഞ മെഡിക്കല്‍ കോളേജ് അസിസ്റ്റന്‍റ് കമ്മീഷണര്‍ സുദര്‍ശന്‍ ചില്‍ഡ്രന്‍ ഹോമിലെത്തി അന്വേഷണം നടത്തിയിരുന്നു. അന്വേഷണം തുടരുന്നതിനിടെ കോഴിക്കോട് ടാഗോര്‍ സെന്‍റിനറി ഹാളിന് സമീപം വെച്ചാണ് പെണ്‍കുട്ടികളെ പൊലീസ് കണ്ടെത്തിയത്.

ഇന്ന് പുലർച്ച ഏഴരയോടെയാണ് സംഭവം നടന്നത്. പോക്സോ കേസില്‍ ഇരകളായ പതിനേഴ് വയസ്സുള്ള രണ്ട് പെണ്‍കുട്ടികളാണിവർ. പെണ്‍കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. സംഭവത്തെ കുറിച്ച് സിറ്റിപൊലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് അസിസ്റ്റന്‍റ് കമ്മീഷണര്‍ സുദര്‍ശന്‍ അറിയിച്ചു. പുലർച്ചെ വസ്ത്രം അലക്കാനായി പെൺകുട്ടികൾ പുറത്ത് ഇറങ്ങിയിരുന്നു. പിന്നീട് കാണാതാവുകയായിരുന്നു. ഒരു മാസം മുൻപാണ് കുട്ടികൾ ഇവിടെയെത്തിയത്. കാണാതായതിന് ശേഷം എട്ടരയോടെയാണ് ചിൽഡ്രൻസ് ഹോം അധികൃതർ കുട്ടികളെ കാണാനില്ലെന്ന വിവരം പൊലീസിൽ അറിയിച്ചത്.

ഈ വർഷം ജനുവരി 26 ന് സമാനമായ നിലയിൽ ഇതേ ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികൾ പുറത്ത് കടന്നത്. ആറ് പെൺകുട്ടികളാണ് അന്ന് ബാലികാ മന്ദിരത്തിൽനിന്നും അന്ന് പുറത്ത് കടന്നത്. ഈ സംഭവം വലിയ വിവാദമാവുകയും ചെയ്തു. അന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിൽ മന്ദിരത്തിൽ നിന്ന് ഇറങ്ങിയ രണ്ട് കുട്ടികളെ ബംഗളൂരുവിൽ നിന്നും നാലു പേരെ മലപ്പുറം എടക്കരയിൽ നിന്നും കണ്ടെത്തിയിരുന്നു. ബാല മന്ദിരത്തിലെ സുരക്ഷ വീഴ്ചയെ തുടർന്ന് ബാലമന്ദിരത്തിലെ സൂപ്രണ്ട് ഉൾപ്പെടെ ഉള്ളവരെ ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്ഥലം മാറ്റിയിരുന്നു.

Related Articles

Latest Articles