ഭുവനേശ്വർ: കശ്മീരിലെ ലിഥിയം നിക്ഷേപത്തിന്റെ കണ്ടെത്തലിനു ശേഷം, രാജ്യത്തെ ആവേശത്തിലാക്കുന്ന മറ്റൊരു വർത്തകൂടി. ഒഡീഷയിലെ മൂന്നു ജില്ലകളിൽ വൻ സ്വർണ നിക്ഷേപമുണ്ടെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ഒഡീഷയിലെ ജിയോളജി ഡയറക്ടറേറ്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സംസ്ഥാനത്തെ മൂന്നു ജില്ലകളിൽ സ്വർണ്ണ നിക്ഷേപമുള്ളതായി കണ്ടെത്തിയത്. ദിയോഗർ, കിയോഞ്ജർ, മയൂർഭഞ്ച് എന്നിവിടങ്ങളിലാണ് സ്വർണ നിക്ഷേപം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. കിയോഞ്ജർ ജില്ലയിലെ ഗോപൂർ, മയൂർഭഞ്ച് ജില്ലയിലെ ജോഷിപൂർ, സുരിയഗുഡ, റുവൻസില, ദുഷുര ഹിൽ, ദിയോഗർ ജില്ലയിലെ അഡാസ് എന്നിവിടങ്ങളിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. 1970കളിലും 80കളിലും ഡയറക്‌ടറേറ്റ് ഓഫ് മൈൻസ് ആൻഡ് ജിയോളജിയും ജിഎസ്‌ഐയും ചേർന്നാണ് ഈ മേഖലകളിൽ ആദ്യ സർവേ നടത്തിയിരുന്നു. അതേസമയം അന്ന് നടത്തിയ സർവ്വേയുടെ ഫലങ്ങൾ അധികൃതർ പുറത്തു വിട്ടിരുന്നില്ല.
ധെങ്കനാലിൽ നിന്നുള്ള എംഎൽഎ സുധീർ കുമാർ സമൽ നിയമസഭയിൽ സ്വർണശേഖരവുമായി ബന്ധപ്പെട്ട ഒരു ചോദ്യം ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് മൂന്ന് ജില്ലകളിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയതും അതിൻ്റെ സാധ്യതകളും സംസ്ഥാന ഖനന മന്ത്രി പ്രഫുല് കുമാർ വ്യക്തമാക്കിയത്.
അതേസമയം മൂന്ന് ജില്ലകളിലായി കണ്ടെത്തിയ സ്വർണ നിക്ഷേപത്തിലെ സ്വർണത്തിൻ്റെ അളവ് എത്രയാണെന്നുളള വിവരങ്ങൾ ഇപ്പോൾ പുറത്തു വിട്ടിട്ടില്ല.
നേരത്തെ, ജമ്മു കശ്മീരിൽ അവൻ തോതിലുള്ള ലിഥിയം നിക്ഷേപം കണ്ടെത്തിയിരുന്നു. 5.9 ദശലക്ഷം ടൺ ലിഥിയം നിക്ഷേപം കണ്ടെത്തിയെന്ന വിവരങ്ങളാണ് പുറത്തു വന്നത്. ചിലിക്കും ഓസ്‌ട്രേലിയയ്ക്കും ശേഷം ലോകത്തിലെ ഏറ്റവും വലിയ ലിഥിയം നിക്ഷേപമാണ് ജമ്മുവിൽ കണ്ടെത്തിയത്. ഈ കണ്ടെത്തലിന് ശേഷം ലിഥിയം ശേഷിയുടെ കാര്യത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. മൊബൈൽ, ലാപ്‌ടോപ്പ്, ഇലക്ട്രിക്-വാഹനം എന്നിവയുൾപ്പെടെ നിരവധി ഉപകരണങ്ങൾക്കായി ചാർജ് ചെയ്യാവുന്ന ബാറ്ററികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹമാണ് ലിഥിയം. ഈ അപൂർവ ലോഹത്തിനായി ഇന്ത്യ നിലവിൽ മറ്റ് രാജ്യങ്ങളെയാണ് ആശ്രയിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തിൽ തന്നെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താവായ രാജ്യമാണ് ഇന്ത്യ. ഈ കണ്ടെത്തൽ രാജ്യത്തിന്റെ ഇറക്കുമതി ചെലവ് കുറയ്ക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

