Tuesday, May 14, 2024
spot_img

സംസ്ഥാനത്ത് വീണ്ടും സ്വർണ്ണ വേട്ട;നെടുമ്പാശേരി വഴി കടത്തിയ ക്യാപ്സൂൾ രൂപത്തിലാക്കിയ ഒരുകിലോ സ്വർണം മലപ്പുറത്ത് പിടിയിലായി ; നാലുപേർ അറസ്റ്റിൽ

മലപ്പുറം : ദോഹയില്‍നിന്ന് കസ്റ്റംസ് കണ്ണ് വെട്ടിച്ച് നെടുമ്പാശേരി വിമാനത്താവളംവഴി ക്യാപ്സൂൾ രൂപത്തിൽ കടത്തിയ ഒരു കിലോയിലധികം സ്വര്‍ണം മലപ്പുറത്ത് വച്ച് പിടിച്ചെടുത്തു. ദോഹയില്‍നിന്ന് നെടുമ്പാശേരിയില്‍ സ്വര്‍ണമെത്തിച്ച കോഴികോട് കൊടിയത്തൂര്‍ സ്വദേശി അഷ്റഫ് (56), സ്വര്‍ണ്ണം കൈപ്പറ്റിയ കോഴികോട് താമരശ്ശേരി സ്വദേശികളായ മിദ്ലജ്(23), നിഷാദ്(36), ഫാസില്‍ (40) എന്നിവരെയാണ് മലപ്പുറം അരീക്കോടുവെച്ച് പോലീസ് പിടികൂടിയത്.

പ്രതികള്‍ സഞ്ചരിച്ച കാറും കാരിയര്‍ക്ക് പ്രതിഫലമായി നൽകുവാൻ കാറില്‍ സൂക്ഷിച്ചിരുന്ന ഒരുലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. 1063 ഗ്രാം സ്വര്‍ണം ഇവരിൽ നിന്ന് പിടിച്ചെടുത്തു. സ്വര്‍ണം മിശ്രിത രൂപത്തില്‍ നാല് കാപ്‌സൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് അഷ്‌റഫ് കടത്തിയത്. സ്വര്‍ണത്തിന് ഏകദേശം 63 ലക്ഷം രൂപ വിലവരും.

ബുധനാഴ്ച്ച പുലര്‍ച്ചെ 06.30-ന് ദോഹയില്‍ നിന്നെത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് അഷ്‌റഫ് നെടുമ്പാശേരിയിലെത്തിയത് . പരിശോധനയിൽ കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച അഷ്‌റഫിനെക്കാത്ത് സ്വര്‍ണം കൈപ്പറ്റാന്‍ മറ്റു മൂന്നുപേരുണ്ടായിരുന്നു. തുടർന്ന് കൊടുവള്ളിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് ഇവർ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ് നല്‍കിയ നിര്‍ദേശത്തിലാണ് അരീക്കോട് പോലീസ് ഇവരെ വലയിലാക്കിയത്.

Related Articles

Latest Articles