Friday, September 25, 2026

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട; 90 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടു പേർ അറസ്റ്റിൽ; പിടിയിലായത് മലപ്പുറം സ്വദേശികൾ

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. രണ്ടുപേരിൽ നിന്നായി 90 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്ന് എത്തിയ മലപ്പുറം സ്വദേശികളായ ജാഫറുള്ള, സലീഖ് എന്നിവരാണ് സംഭവത്തിൽ പിടിയിലായത്.

വിമാനത്താവളത്തിൽ നടത്തിയ സുരക്ഷാ പരിശോധനക്കിടെയാണ് ഇരുവരും പിടിയിലായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അതേസമയം ഇന്നലെയും കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് രണ്ട് മലപ്പുറം സ്വദേശികളിൽ നിന്ന് സ്വർണം പിടികൂടിയിരുന്നു. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷരീഫ്, തവനൂർ സ്വദേശി ഷിഹാബ് എന്നിവരാണ് പിടിയിലായത്. നാല് കിലോ സ്വർണമാണ് ഇവരിൽ നിന്നും പിടികൂടിയത്.

ട്രോളി ബാഗിൽ സ്വർണം ഒളിപ്പിച്ച് കടത്താനായിരുന്നു ഇവരുടെ ശ്രമം. ട്രോളി ബാഗിന്റെ പിടിയുടെ രൂപത്തിലാക്കിയാണ് വിമാനത്താവളത്തേക്ക് ഇവർ സ്വർണം എത്തിച്ചത്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്‌ക്കിടെ പിടികൂടിയ സ്വർണത്തിന് വിപണിയിൽ ഒന്നേ മുക്കാൽ കോടി രൂപ വിലവരുമെന്ന് അധികൃതർ പറഞ്ഞു. ജിദ്ദയിൽ നിന്നുമാണ് ഇവർ സ്വർണം കൊണ്ടുവന്നത്.

Related Articles

Latest Articles