Wednesday, May 15, 2024
spot_img

‘എനിക്കും ആ ആഗ്രഹം ഉണ്ടായിരുന്നു’ മകനെക്കുറിച്ച് മോഹൻലാൽ

മോഹൻലാൽ – പ്രിയദർശൻ കൂട്ടുക്കെട്ടിലെ ബി​ഗ് ബജറ്റ് ചിത്രമായ മരക്കാർ തിയറ്ററുകളിൽ ആവേശകരമായി പ്രദർശനം തുടരുകയാണ്. മൂന്ന് വർഷത്തെ കാത്തിരിപ്പ് നിരാശപ്പെടുത്തിയില്ല എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. പ്രണവ് മോഹൻലാലും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കുഞ്ഞു കുഞ്ഞാലി ആയാണ് താരം ചിത്രത്തിൽ എത്തുന്നത്. എന്നാൽ പ്രണവ് സിനിമ കണ്ടില്ലെന്നും താരമിപ്പോൾ പോർച്ചു​ഗലിലാണെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു.

‘പ്രണവ് സിനിമ കണ്ടിട്ടില്ല. അയാള് ഇപ്പോൾ പോർച്ചു​ഗലിലാണ്. പ്രണവ് യാത്ര ചെയ്യും പോലെ എനിക്കും ആ​ഗ്രഹമുണ്ടായിരുന്നു. പക്ഷേ എനിക്കതിന് സാധിച്ചില്ല. ഒരു പക്ഷേ അന്ന് എന്തെങ്കിലും മാറ്റങ്ങൾ സംഭവിച്ചിരുന്നുവെങ്കിൽ ഞാനും ഇങ്ങനെ പോയേനെ. ഞാൻ ചെയ്യാൻ ആ​ഗ്രഹിച്ചതും എനിക്ക് സാധിക്കാത്തതുമായ കാര്യങ്ങൾ അയാള് ചെയ്യുന്നു. ഒരുപാട് യാത്ര ചെയ്യുന്നു. സ്വതന്ത്രനായി നടക്കുന്നു, അതിന്റെ സന്തോഷമുണ്ട് എനിക്ക്. ഇടയ്ക്ക് സിനിമകൾ ചെയ്യുന്നു. നമ്മളും ആ​ഗ്രഹിച്ച കാര്യമാണ് ഇതൊക്കെ, വേണമെങ്കിൽ ഒരു മുപ്പത് വർഷം കഴിഞ്ഞ് ഞാനൊരു കൈ നോക്കാം’, മോഹൻലാൽ പറഞ്ഞു.

‘പ്രണവിന് സിനിമയിൽ അഭിനയിക്കാൻ ഒരു താല്പര്യവും ഇല്ലായിരുന്നു. വളരെ നിർബന്ധിച്ചതിന് ശേഷമാണ് സിനിമയിൽ എത്തിയത്. പക്ഷേ ഇപ്പോൾ മലയാളം പഠിക്കണമെന്നുണ്ട് പ്രണവിന്. ബഷീറിന്റെ പുസ്തകങ്ങൾ വായിക്കുന്നു. ഇപ്പോൾ മലയാളം പഠിച്ചു കഴിഞ്ഞു. പ്രണവ് നല്ല രീതിയിൽ എഴുതുന്ന ആള് കൂടിയാണ്. അതോക്കെ കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു’, മോഹൻലാൽ കൂട്ടിച്ചേർത്തു.

ആന്റണി പെരുമ്പാവൂരാണ് മോഹൻലാൽ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിലായിരുന്നു ചിത്രം ഇന്ന് പുലർച്ചെ 12 മണിക്ക് പ്രദർശനം ആരംഭിച്ചത്. റിലീസിന് മുമ്പേ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ചിത്രം ചരിത്രം കുറിച്ചിരുന്നു. റിസർവേഷനിലൂടെ മാത്രമാണ് ചിത്രം 100 കോടി ക്ലബിൽ എത്തിയത്. മരക്കാർ റിലീസ് പ്രഖ്യാപിച്ച അന്ന് മുതൽ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു.

Related Articles

Latest Articles