Monday, April 29, 2024
spot_img

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ സ്വത്ത് കണ്ടുകെട്ടില്ല; ഉത്തരവ് പിൻവലിച്ചതായി കേന്ദ്രസർക്കാർ കേരള ഹൈക്കോടതിയിൽ അറിയിച്ചു

കൊച്ചി: സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ സ്വത്ത് കണ്ടുകെട്ടാൻ നേരത്തെ പുറപ്പെടുവിച്ചിരുന്ന ഉത്തരവ് പിൻവലിച്ചതായി കേന്ദ്രസർക്കാർ കേരള ഹൈക്കോടതിയിൽ അറിയിച്ചു. 1976 ലെ കണ്ടുകെട്ടൽ നിയമത്തിലെ സെക്ഷൻ 6(1) പ്രകാരമാണ് സ്വപ്ന സുരേഷിന് നേരത്തെ നോട്ടീസ് അയച്ചിരുന്നത്.

ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന് മുമ്പാകെ തിങ്കളാഴ്ചയാണ് കേന്ദ്രം ഇത് അറിയിപ്പ് നൽകിയതെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. നടപടികൾ നിർത്തി വച്ച സാഹചര്യത്തിൽ ഇക്കാര്യം തിരുവനന്തപുരം തൈക്കാട് വില്ലേജ് ഓഫീസറെ അറിയിക്കാൻ കോടതി ഉത്തരവിട്ടു. ഇതുവരെ സ്വത്ത് കണ്ടുകെട്ടുന്നത് സംബന്ധിച്ച് കൈകൊണ്ട നടപടികൾ പിൻവലിക്കണമെന്നും ഉത്തരവിൽ പറയുന്നു. നടപടികളുടെ ഭാഗമായി സ്ഥലത്ത് സ്ഥാപിച്ച എല്ലാ രേഖപ്പെടുത്തലുകളും വില്ലേജ് ഓഫീസർ നീക്കണമെന്നുംനിർദേശമുണ്ട്

തൈക്കാട്ടെ തന്റെ 3.60 ആർ ( 9 സെന്റ്) സ്ഥലം കണ്ടുകെട്ടാൻ 2022 നവംബർ 22, 25 തീയതികളിൽ ലഭിച്ച ഷോക്കോസ് നോട്ടീസിനെതീരെ സ്വപ്ന ഹർജി സമർപ്പിച്ചിരുന്നു. കള്ളക്കടത്തുകാരെ കരുതൽ തടങ്കലിൽ വെക്കാൻ കഴിയുന്ന കൊഫേപോസ നിയമപ്രകാരം 2020 ഒക്ടോബർ ഒമ്പതിന് സ്വപ്നയെ അറസ്റ്റ് ചെയ്ത് തടവിലാക്കിയിരുന്നു. കൊഫേപോസ ഉപദേശക ബോർഡ് ഇത് ശരിവെക്കുകയും ചെയ്‌തെങ്കിലും 2021 ഒക്ടോബർ എട്ടിന് ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കിയതാണെന്ന് സ്വപ്നയുടെ ഹർജിയിൽ വാദിച്ചിരുന്നു.

ഭൂമി തനിക്ക് അമ്മയിൽ നിന്നാണ് ലഭിച്ചതെന്നും സഹോദരന്മാരുമായുള്ള തർക്കത്തെ തുടർന്ന് വിലയാധാരമാണ് നടത്തിയതെന്നും സ്വപ്നയുടെ ഹർജിയിൽ സൂചിപ്പിച്ചിരുന്നു . 26.14 ലക്ഷം രൂപയാണ് രേഖകളിൽ കാണിച്ചിട്ടുള്ളത്. എന്നാൽ ഈ തുക സ്വർണക്കടത്തിലൂടെ സമ്പാദിച്ചതാണെന്ന നിഗമനത്തിലാണ് അധികൃതർ സ്വത്ത് കണ്ടുകെട്ടാനൊരുങ്ങിയത്.

Related Articles

Latest Articles