Saturday, April 27, 2024
spot_img

കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള കടന്നാക്രമണങ്ങൾ വർദ്ധിക്കാൻ കാരണം സർക്കാരിന്റെ വീഴ്ച: കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള അക്രമം വർദ്ധിക്കാൻ കാരണം സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.പാറ്റൂരിൽ ലൈംഗിക അതിക്രമത്തിനിരയായ അതിജീവിതയുടെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്കെതിരെയുള്ള കടന്നാക്രമണങ്ങൾ ഓരോ ദിവസം കഴിയുംതോറും വർദ്ധിച്ചു വരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പോലീസിന്റെ അനാസ്ഥയാണ് പാറ്റൂരിലെ സംഭവത്തിന് കാരണം. സംഭവം നടന്ന ഉടനെ പോലീസിനെ വിളിച്ചെങ്കിലും ഇരയായ സ്ത്രീയെ സഹായിക്കാൻ ആരുമെത്തിയില്ല. അതിക്രമത്തിൽ പരിക്കേറ്റ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് പോലീസിനെ അറിയിച്ച പെൺകുട്ടിയോട് സ്റ്റേഷനിലെത്തി മൊഴി രേഖപ്പെടുത്തണമെന്ന മനുഷ്യത്വമില്ലാത്ത സമീപനമാണ് പോലീസ് സ്വീകരിച്ചത്. അക്രമം നടന്ന് അരമണിക്കൂറിനുള്ളിലെങ്കിലും പോലീസ് എത്തിയിരുന്നെങ്കിൽ പ്രതിയെ അറസ്റ്റ് ചെയ്യാമായിരുന്നു. മൂന്ന് ദിവസം കഴിഞ്ഞാണ് പോലീസ് സംഭവത്തിൽ കേസെടുത്തതെന്നതിൽ നിന്നു തന്നെ പോലീസിന്റെ വീഴ്ച മനസിലാക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എട്ട് ദിവസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിക്കാത്തത് കേരളത്തിലെ സ്ത്രീ സുരക്ഷ എത്രത്തോളം മോശമാണ് എന്നതിന്റെ ഉദാഹരണമാണ്. അഞ്ച് കിലോമീറ്ററിനുള്ളിൽ അഞ്ച് മാസത്തിനിടെ ഏഴ് അക്രമങ്ങളാണ് തിരുവനന്തപുരത്തുണ്ടായത്. ആഭ്യന്തരവകുപ്പിന്റെ പരാജയമാണ് ഇതിന് കാരണം. പോലീസ് പലപ്പോഴും കുറ്റവാളികൾക്ക് അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നത്. പാറ്റൂരിലെ അതിജീവിതയെ സഹായിക്കാൻ അധികൃതർ ആരും തയ്യാറായില്ലെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Related Articles

Latest Articles