സാംസ്‌കാരികവും ഭൗതികവുമായ ജീവിതത്തിൽ കേരളം ഗോവയുമായി സമാനത പുലർത്തുന്നുവെന്നും സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായി പ്രവർത്തിക്കുമെന്നും നിയുക്ത കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ. ചുമതലയേൽക്കാൻ കേരളത്തിലേക്ക് പുറപ്പെടുംമുമ്പ് അദ്ദേഹം ഗോവ രാജ്ഭവൻ സന്ദർശിച്ച് ഗവർണർ പി എസ് ശ്രീധരൻപിള്ളയുമായി ചർച്ച നടത്തി. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നുള്ള പട്ട്, മാല, കളഭം, കദളിപ്പഴം, ഭഗവാന്റെ ചിത്രം എന്നിവ നൽകിയാണ് രാജേന്ദ്ര ആർലേക്കറിനെ ശ്രീധരൻ പിള്ള സ്വീകരിച്ചത്. കേരളത്തിലേക്ക് നിയോഗിക്കപ്പെട്ടതിൽ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഗോവയുടെ സമഗ്ര വികസനത്തിന് ഗവർണർ പി എസ് ശ്രീധരൻപിള്ള നൽകുന്ന സംഭാവനകളെ അഭിനന്ദിച്ചു.
ഇന്ന് വൈകുന്നേരത്തോടെ നിയുക്ത കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ കേരളത്തിലെത്തി. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ അദ്ദേഹത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു. നാളെയാണ് രാജേന്ദ്ര ആർലേക്കർ ചുമതലയേൽക്കുക. രാവിലെ 10.30 ന് രാജ്ഭവനിൽ സത്യപ്രതിജ്ഞ നടക്കും. മുൻ ഗവർണർ ആരിഫ് മൊഹമ്മദ് ഖാന് സർക്കാർ ഔദ്യോഗിക യാത്രയയപ്പ് നൽകിയിരുന്നില്ല. ജനുവരി മൂന്നാം വാരം നിയമസഭാ സമ്മേളനം നടക്കുന്നുണ്ട്. നയപ്രഖ്യാപനം അടക്കമുള്ള കാര്യങ്ങളിൽ പുതിയ ഗവർണർ എന്ത് നിലപാട് സ്വീകരിക്കും എന്നത് പ്രധാനമാണ്.

