Monday, May 6, 2024
spot_img

പച്ചത്തേങ്ങ സംഭരണം- കൂടുതല്‍ ഊര്‍ജ്ജിതമാക്കും കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം:കര്‍ഷകരില്‍ നിന്നും പച്ചത്തേങ്ങ സംഭരിക്കുന്ന പ്രവൃത്തി പുരോഗതിയിലാ ണെന്നും, സംഭരണം കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്നും കൃഷി വകുപ്പു മന്ത്രി പി പ്രസാദ് അറിയിച്ചു. നാളികേരത്തിന്റെ വിപണി വില അടിസ്ഥാന വിലയെക്കാള്‍ കുറവുള്ള ജില്ലകളായ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍, ജില്ലകളില്‍ 53 സെന്ററുകളില്‍ സംഭരണ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കേരഫെഡിന്റെയും വി എഫ് പി സി കെ യുടെയും നേതൃത്വത്തിലാണ് സംഭരണ കേന്ദ്രങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ആഴ്ചയില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് സംഭരണം നടത്തുന്നതെന്നും സംഭരണം ആരംഭിച്ച് ഒരാഴ്ചക്കകം തന്നെ 206 മെട്രിക് ടണ്‍ പച്ചതേങ്ങ സംഭരിച്ചു കഴിഞ്ഞതായും ആയതിലേക്കായുള്ള 66 ലക്ഷം രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും കൃഷി വകുപ്പ് മന്ത്രി അറിയിച്ചു.

കിലോഗ്രാമിന് 32 രൂപ നിരക്കില്‍ സംഭരിക്കുന്ന തേങ്ങയുടെ വില നേരിട്ട് കര്‍ഷകന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. കൃഷി വകുപ്പിന്റെ എയിംസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക്, കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് സഹിതം, പൊതിച്ച തേങ്ങ സംഭരണ കേന്ദ്രങ്ങളില്‍ നേരിട്ട് എത്തിക്കാവുന്നതാണെന്നും മന്ത്രി അറിയിച്ചു.
കര്‍ഷകര്‍ക്ക് സമയബന്ധിതമായി തുക നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കൃഷിഡയറക്ടറേയും, കൊപ്രസംഭരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പച്ചതേങ്ങ സംഭരണം ഊര്‍ജ്ജിതമാക്കാന്‍ കൃഷി വകുപ്പ് സെക്രട്ടറിയേയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കൃഷി മന്ത്രി അറിയിച്ചു.

Related Articles

Latest Articles