Sunday, November 1, 2026

പൗർണ്ണമിക്കാവിൽ നാളെ ഗുരുപൂർണ്ണിമ ആചരണം; പ്രത്യേക പൂജകളും ദർശന സൗകര്യങ്ങളും

തിരുവനന്തപുരം:വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരീ ദേവി ക്ഷേത്രത്തിൽ ഗുരുപൂർണ്ണിമയോടനുബന്ധിച്ച് ബുധനാഴ്ച വിപുലമായ ചടങ്ങുകൾ നടക്കും. പൗർണ്ണമി ദിനമായതിനാൽ ക്ഷേത്രനട രാവിലെ 5 മണി മുതൽ രാത്രി 10 മണിവരെ ഭക്തർക്കായി തുടർച്ചയായി തുറന്നിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
ഗുരുപൂർണ്ണിമയുടെ ഭാഗമായി ഉച്ചയ്ക്ക് 1.30 മുതൽ 101 പേർ പങ്കെടുക്കുന്ന സമൂഹ ലളിത സഹസ്രനാമ ജപം നടക്കും. തുടർന്ന് ഭാഗവതാചാര്യൻ പള്ളിക്കൽ സുനിൽ ദേവീ ഭാഗവതത്തിന്റെ മൂന്നാം സ്കന്ധത്തിലെ 28, 29, 30 അധ്യായങ്ങൾ പാരായണം ചെയ്യും.

രാമായണ മാസവും ഗുരുപൂർണ്ണിമയും ഒരേ ദിവസം വരുന്നതിനാൽ വിദ്യാർത്ഥികൾക്ക് അക്ഷരദേവതമാരെ പൂജിക്കാനുള്ള പ്രത്യേക സൗകര്യവും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. ഗുരുക്കന്മാരെ ആദരിക്കാനും അറിവിനെ വണങ്ങാനുമുള്ള ദിനമായ ഗുരുപൂർണ്ണിമയുടെ ഭാഗമായി നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
രാമായണ മാസത്തിലെ പൗർണ്ണമിയായതിനാൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹനുമാൻ വിഗ്രഹം ദർശിക്കാനുള്ള അവസരവും ഭക്തർക്കുണ്ടാകും. ഈ ദിവസത്തിന് ശേഷം ശ്രീകോവിലിന്റെ നിർമ്മാണവും പ്രതിഷ്ഠാ ചടങ്ങുകളും പൂർത്തിയാകുന്നതുവരെ ഹനുമാൻ വിഗ്രഹ ദർശനം ലഭ്യമാകില്ലെന്നും ക്ഷേത്രം അധികൃതർ അറിയിച്ചു.

ഗുരുപൂർണ്ണിമയോടനുബന്ധിച്ച് കോയമ്പത്തൂരിലെ ഇഷാ ഫൗണ്ടേഷനിൽ നിന്ന് കൊണ്ടുവന്ന രുദ്രാക്ഷങ്ങൾ ഹാലാസ്യ ശിവഭഗവാന്റെ സന്നിധിയിൽ പ്രത്യേക പൂജകൾക്ക് ശേഷം വിതരണം ചെയ്യും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 5,000 ഭക്തർക്കാണ് രുദ്രാക്ഷം സൗജന്യമായി നൽകുക.

ദിവസം മുഴുവൻ വിവിധ പൂജകളും കലാപരിപാടികളും നടക്കും. രാത്രി വലിയ ഗുരുസിയോടെ ക്ഷേത്രനട അടയ്ക്കും.
രുദ്രാക്ഷം സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർ പേര്, സ്ഥലം എന്നിവ രേഖപ്പെടുത്തി 9744401175, 9747772177 എന്നീ വാട്‌സ്ആപ്പ് നമ്പറുകളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

Related Articles

Latest Articles