Monday, October 19, 2026

ഏകാദശി ആഘോഷനിറവിൽ ഭക്തിസാന്ദ്രമായി ഗുരുവായൂര്‍; ദർശനാനുമതി ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയവര്‍ക്ക് മാത്രം

ഇന്ന് ഗുരുവായൂർ ഏകാദശി (Guruvayur Ekadasi). മുക്കോടി ദേവകളും ഭൂലോക വൈകുണ്ഠമെന്ന് പുകൾപെറ്റ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രധാന ഉത്സവം വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ്. ഈ ദിവസം വൈകുണ്ഠനാഥനായ ശ്രീ മഹാവിഷ്ണു ഏകാദശി നാൾ ഗുരുവായൂരിലേക്ക് എഴുന്നുള്ളുമെന്നാണ് ഐതിഹ്യം. ഏകാദശിദിവസമായ ഇന്ന് കേരളത്തിലെ മികച്ച വാദ്യകലാകാരന്മാർ പ്രമാണംവഹിക്കുന്ന പഞ്ചവാദ്യം, മേളം എന്നിവയോടുകൂടിയ കാഴ്ച്ചശീവേലി രാവിലെയും രാത്രിയിൽ വിളക്കെഴുന്നള്ളിപ്പുമുണ്ടാകും. കാഴ്ചശീവേലിക്ക് കോട്ടപ്പടി സന്തോഷ്‌ മാരാരുടെ നേതൃത്വത്തിൽ മേളം അകമ്പടിയേകും. ശീവേലി കഴിഞ്ഞാൽ പ്രസിദ്ധമായ കിഴക്കോട്ടെഴുന്നള്ളിപ്പ് നടക്കും. ക്ഷേത്രാങ്കണം വിട്ട് പാർഥസാരഥി ക്ഷേത്രത്തിൽ പേയി തിരികെ എഴുന്നള്ളിക്കുന്നതാണ് കിഴക്കോട്ടെഴുന്നള്ളിപ്പ്. ഇതിന് പരയ്‌ക്കാട് തങ്കപ്പൻ മാരാരുടെ നേതൃ-ത്വത്തിലുള്ള പഞ്ചവാദ്യം അകമ്പടിയേകും. പാർഥസാരഥിയിൽനിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് രഥം എഴുന്നള്ളിപ്പുമുണ്ടാകും. ഏകാദശി ദിവസം ദേവസ്വം വകയാണ് ഉദയാസ്‌തമയപൂജ.

ഏകാദശി വ്രതമെടുക്കുന്നവർക്ക് (Ekadasi Fasting) ഗോതമ്പുചോറ്, കാളൻ, പുഴുക്ക്, ഗോതമ്പുപായസം എന്നിവയോടെ പ്രത്യേകം സദ്യ ഊട്ടുപുരയിൽ നടക്കും. അതേസമയം ഏകാദശി ദിവസമായ ഇന്ന് രാവിലെ ആറുമുതൽ പകൽ രണ്ടുവരെ ആർക്കും പ്രത്യേക ദർശനം അനുവദിക്കില്ല. ഈ സമയം ഓൺലൈൻ ബുക്കിങ് നടത്തിയവർക്ക് മാത്രമാകും ദർശനം. നെയ്‌വിളക്ക് ശീട്ടാക്കിയവർക്കും തത്സമയം ദർശനം അനുവദിക്കും. പകൽ രണ്ടിനുശേഷം വെർച്വൽ ക്യൂവിൽ ഉള്ളവർക്ക് മുൻഗണന നൽകി മറ്റുള്ളവർക്കും ദർശനം അനുവദിക്കും. നെയ്‌വിളക്ക് ദർശനവും തുടരും. ഡ്യൂട്ടി നിർവഹിക്കുന്ന പൊലീസ്, സുരക്ഷാ ഉദ്യോഗസ്ഥർ, ക്ഷേത്രം ജീവനക്കാർ എന്നിവർക്കും ദേവസ്വം അതിഥികൾക്കും അന്നലക്ഷ്മി ഹാളിനോട് ചേർന്നു നിർമിച്ച പന്തലിൽ പ്രസാദ ഊട്ടിന് ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

കൃതയുഗത്തില്‍ ദേവലോകം ആക്രമിച്ച് കൈയ്യടക്കിയ മുരാസുരനെ തോല്പിക്കാന്‍ ദേവഗണങ്ങളെല്ലാവരും ഒത്തുച്ചേര്‍ന്നു. യുദ്ധം തുടങ്ങിയതിനിടയില്‍ യോഗനിദ്രയിലായിരുന്ന ശ്രീമഹാവിഷ്ണുവിന്റെ ദേഹത്തുനിന്ന് വിവിധ ആയുധങ്ങളുമേന്തിയ ദിവ്യതേജസ്വിയായ സ്ത്രീരൂപം പ്രത്യേക്ഷപ്പെട്ട് മുരാസുരനേയും സംഘത്തേയും ഭസ്മീകരിച്ചു. ഈ ബഹളത്തിനിടയില്‍ യോഗനിദ്രയില്‍ നിന്ന് ഉണര്‍ന്ന മഹാവിഷ്ണുവിനെ നമസ്‌കരിച്ചുനിന്ന സ്ത്രീരൂപത്തോട് ആരാണുനീയെന്ന് ഭഗവാന്‍ ചോദിച്ചു.

ഞാന്‍ ഏകാദശിയാണെന്നവള്‍ മറുപടി നല്‍കി. സന്തുഷ്ടനായ ഭഗവാന്‍ എന്തുവരം വേണമെന്നു ചോദിച്ചു. എന്റെ ദിവസം എല്ലാ പുണ്യദിനങ്ങളിലും വെച്ച് പുണ്യദിനമാക്കി, അനുഗ്രഹിക്കണമെന്നും വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് അശ്വമേധഫലവും വിഷ്ണുലോകം പുല്‍കുമാറാകണമെന്നും, പാപനാശനവും മഹാപുണ്യവും സിദ്ധിയ്ക്കണമെന്നും അവള്‍ ആവശ്യപ്പെട്ടു. സന്തുഷ്ടനായ മഹാവിഷ്ണു അവളെ അനുഗ്രഹിച്ചുകൊണ്ട് ഭവതി ആഗ്രഹിക്കുന്നതെല്ലാം നിറവേറ്റമെന്നും ഏകാദശിവ്രതം കൃത്യനിഷ്ഠയോടെ ഭക്ത്യാദരപൂര്‍വ്വം അനുഷ്ഠിക്കുന്നവര്‍ക്കെല്ലാം ഐഹികസുഖങ്ങളും ഒടുവില്‍ പരമസായൂജ്യവും ലഭിക്കുമെന്നും അനുഗ്രഹിച്ചു എന്നാണ് വിശ്വാസം.

സര്‍വപാപഹരം ഏകാദശി വ്രതം

ഭാരതീയ ആചാര്യന്മാര്‍ സമൂഹത്തിന് പകര്‍ന്നുനല്‍കിയ ആചാരനുഷ്ഠാനങ്ങളിലെ മുഖ്യഘടകമായ വ്രതാനുഷ്ഠാനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം ഏകാദശി വ്രതമാണെന്നാണ് വിശ്വാസം. വ്രതങ്ങള്‍ മനുഷ്യന് മാനസികവും ശാരീരികവുമായ പരിശുദ്ധി പ്രദാനം നല്‍കുന്നതോടൊപ്പം തന്നെ ഈശ്വരസാക്ഷാല്‍ക്കാരത്തിനുള്ള ലളിതമാര്‍ഗരേഖ കൂടിയാണ്. മാത്രമല്ല ഭൗതിക ജീവിതത്തില്‍ നിന്നും ആദ്ധ്യാത്മിക ജീവിതത്തിലേക്കുയര്‍ത്തുന്ന ചവിട്ടുപടിയുമാണ്.

പത്മപുരാണം, വിഷ്ണുപുരാണം, ബ്രഹത്നാരദപുരാണം, ഭിഷോത്തമപുരാണം, ശ്രീമദ്ഭാഗവതം, ഗര്‍ഗ്ഗഭാഗവതം, രുക്മാംഗദചരിത്രം, അംബരീഷചരിത്രം തുടങ്ങിയ മഹദ്ഗ്രന്ഥങ്ങളിലെല്ലാം ഏകാദശിവ്രതമഹാത്മ്യത്തെക്കുറിച്ചുള്ള വിവരണങ്ങളുണ്ട്. വെളുത്തപക്ഷത്തിലെ ഏകാദശി മഹാവിഷ്ണുപ്രീതിയ്ക്ക് പ്രസിദ്ധവും കറുത്തപക്ഷ ഏകാദശി പിതൃകര്‍മ്മങ്ങള്‍ക്ക് ഏറ്റവും ശ്രേഷ്ഠവുമാണ്.

Related Articles

Latest Articles