Sunday, September 20, 2026

ഹാക്കിങ് മറച്ചുവെച്ചു; ഹാക്കർമാർക്ക് പണം നൽകി സംഭവം ഒതുക്കിത്തീർത്തു;ഊബർ മുൻ സുരക്ഷാ മേധാവി സള്ളിവന് ശിക്ഷവിധിച്ച് കോടതി

ഊബറിന് നേരെയുണ്ടായ സൈബറാക്രമണം ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് മറച്ചുവെച്ചുവെന്ന കുറ്റത്തിന് ഊബർ മുന്‍ സുരക്ഷാ മേധാവിയായ ജോസഫ് സള്ളിവന് ശിക്ഷ വിധിച്ച് കോടതി. 50,000 ഡോളര്‍ പിഴയും 200 മണിക്കൂര്‍ സന്നദ്ധ സേവനവുമാണ് ഇയാൾക്ക് കോടതി ശിക്ഷയായി വിധിച്ചിരിക്കുന്നത്. 15 മാസത്തെ ജയില്‍ ശിക്ഷ ഇയാൾക്ക് നൽകണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നതെങ്കിലും ഇതിൽ നിന്ന് സള്ളിവൻ കഷ്ടിച്ചു രക്ഷപ്പെട്ടു.

2015-ലാണ് ഊബറിലേക്ക് സള്ളിവൻ എത്തുന്നത്. 2016-ല്‍ ഉബറിനെ ലക്ഷ്യമിട്ട് സൈബറാക്രമണം നടത്തിയ ഹാക്കര്‍മാര്‍ സള്ളിവനെ ഇമെയില്‍ വഴി ബന്ധപ്പെട്ടു. ഊബറില്‍നിന്നു വലിയ അളവില്‍ ഡാറ്റ തങ്ങള്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്നും അവ ഡിലീറ്റ് ചെയ്യണമെങ്കില്‍ പ്രതിഫലം വേണമെന്നുമായിരുന്നു അവരുടെ ആവശ്യം. . 5.7 കോടി ഉബര്‍ ഉപഭോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങളും, ആറ് ലക്ഷം ഡ്രൈവിങ് ലൈസന്‍സ് നമ്പറുകളുമാണ് ഹാക്കര്‍മാര്‍ കൈക്കലാക്കിയത്. ഈ ഡാറ്റ നീക്കം ചെയ്യാന്‍ സള്ളിവന്‍ ഒരു ലക്ഷം ഡോളര്‍ ഹാക്കര്‍മാര്‍ക്ക് നല്‍കി. ഹാക്ക് ചെയ്ത വിവരം പുറം ലോകമറിയാതിരിക്കാൻ അവരുമായി ഉടമ്പടിയിൽ ഏർപ്പെടുകയും ചെയ്തു.

ആർക്കും സംശയം തോന്നാതിരിക്കാൻ പ്ലാറ്റ്‌ഫോമിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്ന സൈബര്‍സുരക്ഷാ ഗവേഷകര്‍ക്ക് പാരിതോഷികം നല്‍കുന്ന ‘ബഗ് ബൗണ്ടി’ എന്ന മറവിലാണ് സള്ളിവന്‍ ഹാക്കര്‍മാര്‍ക്ക് പണം നല്‍കിയത്. എന്നാൽ 2019-ല്‍ ഇക്കാര്യം പുറത്തുവന്നു. ഫെഡറല്‍ ട്രേഡ് കമ്മീഷന്റെ ഒരു അന്വേഷണം തടസപ്പെടുത്തിയതിനും സള്ളിവന്‍ പ്രതിയാണ്.

Related Articles

Latest Articles