പകുതി വില തട്ടിപ്പിൽ റിട്ടയേഡ് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ പ്രതി. വലമ്പൂർ സ്വദേശി ഡാനിമോന്റെ പരാതിയിൽ പെരിന്തൽമണ്ണയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ജസ്റ്റിസ് സി.എൻ രാമചന്ദ്രനെ പോലീസ് മൂന്നാം പ്രതിയാക്കിയിരിക്കുന്നത്. സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ഡയറക്ടർ ആനന്ദ കുമാറാണ് ഈ കേസിൽ ഒന്നാം പ്രതി.
അതേസമയം കസ്റ്റഡിയിലുള്ള അനന്തുകൃഷ്ണനുമായി കൊച്ചിയിലെ ഓഫീസുകളിലും വീട്ടിലും തെളിവെടുപ്പ് പുരോഗമിക്കുകയാണ്. പാതി വില തട്ടിപ്പിലൂടെ സമാഹരിച്ച പണത്തിൽ നിന്ന് 2 കോടി സായി ഗ്രാമം ഗോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന് നൽകിയെന്ന് അനന്തു നേരത്തെ മൊഴി നൽകിയിരുന്നു. അനന്തുവിൻറെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്നും ആനന്ദകുമാറിന് പണം നൽകിയെന്നത് വ്യക്തമായെന്ന് അന്വേഷണസംഘം അറിയിച്ചു.
സാമ്പത്തിക തട്ടിപ്പിനായി തട്ടിക്കൂട്ട് കമ്പനികളും കൂട്ടായ്മകളും അനന്തുകൃഷ്ണന് രൂപീകരിച്ചിരുന്നു.കൊച്ചി ഗിരിനഗര് ആസ്ഥാനമായി പ്രവര്ത്തിച്ചിരുന്ന സോഷ്യല് ബീ എന്ന ലിമിറ്റഡ് ലയബലിറ്റി പാര്ട്ട്നര് ഷിപ്പ് കമ്പനിയാണ് ഇതില് പ്രധാനം. ഒരു ലക്ഷം രൂപയാണ് സ്ഥാപനത്തിന്റെ പ്രവര്ത്തന മൂലധനമായി രേഖകളില് കാട്ടിയിരിക്കുന്നത്. എന്നാല് ഈ സ്ഥാപനത്തിന്റെ മറവില് മാത്രം കോടികള് അനന്തുകൃഷ്ണന് സമാഹരിച്ചിട്ടുണ്ടെന്നാണ് പോലീസ് അനുമാനം.

