ഹമാസ് ഭീകരർ ഇസ്രായേലിൽ കയറി അപ്രതീക്ഷിത ആക്രമണം നടത്തിയതിന്റെ ഞെട്ടലിലാണ് ലോകമിന്ന്. ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്‌ളഡ് എന്ന പേരില്‍ യുദ്ധം പ്രഖ്യാപിച്ച് 20 മിനിറ്റനകം ഗാസ മുനമ്പില്‍ നിന്ന് 5000-ഓളം റോക്കറ്റുകള്‍ ഇസ്രയേലിലേക്ക് തൊടുത്തുവിട്ടു. ശനിയാഴ്ച രാവിലെ തന്നെ ഭീതിപ്പെടുത്തുന്ന വ്യോമാക്രമണ സൈറണുകള്‍ കേട്ടാണ് ഇസ്രയേല്‍ ഉണര്‍ന്നത്. എന്നാൽ ആരുടെയും സഹായമില്ലാതെ ഹമാസ് ഭീകരർക്ക് ഇതെല്ലാം ചെയ്യാൻ സാധിക്കുമോ എന്ന ചോദ്യങ്ങൾ ആദ്യം മുതൽ തന്നെ ഉയർന്നിരുന്നു. ഇപ്പോഴിതാ, അതിനുള്ള ഉത്തരം ഹമാസ് വക്താവ് തന്നെ നൽകിയിരിക്കുകയാണ്. ഹമാസിന് ഇറാനിൽ നിന്ന് സഹായം ലഭിച്ചുവെന്നാണ് ഹമാസ് വക്താവ് ഹാസി ഹമദ് വെളിപ്പെടുത്തിയത്. ഷിയ മുസ്ലീം രാഷ്ട്രമാണ് ഇറാനെങ്കിൽ പലസ്തീനിൽ സുന്നി വിഭാഗക്കാരുടെ സ്വാധീനമാണ് അധികം. സുന്നികളും ഷിയ വിഭാഗവും തമ്മിൽ കടുത്ത എതിർപ്പ് നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ ഇറാനിൽ നിന്ന് ഹമാസിന് പിന്തുണ കിട്ടിയെന്ന വിവരം ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ടെഹ്‌റാനിൽനിന്ന് സഹായം ലഭിച്ചെന്നാണ് ഹമാസ് വ്യക്തമാക്കിയത്. ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ പിന്തുണച്ച് രംഗത്തെത്തിയ ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇറാൻ. ഇസ്രയേലിനെതിരെ നടത്തുന്ന പോരാട്ടത്തിന് ഇറാൻ പ്രതിനിധി ഹമാസിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
ശനിയാഴ്ച രാവിലെ ഇസ്രയേലിന്റെ അതിർത്തിക്കുള്ളിൽ കടന്നാണ് ഹമാസ് അപ്രതീക്ഷിത ആക്രമണം ആരംഭിച്ചത്. ആക്രമണത്തിനു പിന്നാലെ ഇസ്രയേലിനെതിരെയുള്ള സൈനിക നീക്കത്തിൽ ഹമാസിന് ഇറാൻ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇസ്രയേലിനെതിരെ സധൈര്യം ആക്രമണം നടത്തുന്ന പലസ്തീൻ പോരാളികളെ അഭിനന്ദിക്കുന്നതായാണ് ഇറാൻ പ്രഖ്യാപിച്ചത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഉപദേശകനാണ് ഇറാന്റെ നിലപാട് വ്യക്തമാക്കിയത്. പലസ്‌തീന്റെയും ജറുസലമിന്റെയും സ്വാതന്ത്ര്യം യാഥാർഥ്യമാകുന്നതുവരെ പലസ്‌തീൻ പോരാളികൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നാണ് ഇറാന്റെ നിലപാട്. അതിനിടെ, ഹമാസിന്റേത് ഭീകരാക്രമാണമെന്നും ഇസ്രയേലിന് പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. എല്ലാവിധ പിന്തുണയും ഇസ്രയേലിനു നൽകുമെന്നും ബൈഡൻ വ്യക്തമാക്കി. കൂടാതെ, സൈനിക സഹകരണവും ബൈഡൻ വാഗ്ദാനം ചെയ്തു.
അതേസമയം, തെക്കൻ ഇസ്രയേലിൽ ഇന്നലെ രാവിലെ ഹമാസ് നടത്തിയ മിന്നലാക്രമണത്തിനു കനത്ത തിരിച്ചടിയുമായി ഇസ്രയേലും രംഗത്തിറങ്ങിയതോടെ ഗാസ മുനമ്പ് യുദ്ധക്കളമായി മാറിയിരിക്കുകയാണ്. ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഇതുവരെ 230ൽ അധികം പലസ്‌തീൻകാർ കൊല്ലപ്പെട്ടു. അതേസമയം, ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇരു ഭാഗത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ഞൂറോളമായി. ഇരു ഭാഗത്തുമായി 2,500ൽ അധികം പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ഒട്ടേറെ ഇസ്രയേൽ പൗരന്മാരെയും സൈനികരെയും പലസ്തീൻ സായുധപ്രസ്ഥാനമായ ഹമാസ് ബന്ദികളാക്കിയിരിക്കുകയാണ്. അതേസമയം, സ്ഥിതി ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി ഇന്ന് ചേരും. ഗാസയെ ഉന്നമിട്ടുള്ള ആക്രമണം കടുപ്പിക്കുന്നതിനു മുന്നോടിയായി, പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ജനങ്ങൾക്കു മുന്നറിയിപ്പു നൽകി.

