Sunday, October 4, 2026

സമസ്ത നേതാവിന്റെ സ്ത്രീവിരുദ്ധ പരാമർശം !തട്ടം മാറ്റി പ്രതിഷേധവുമായി വി പി സുഹ്‌റ

സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിന് എതിരെ തട്ടം നീക്കി പ്രതിഷേധവുമായി എഴുത്തുകാരി വി.പി.സുഹ്‌റ. നല്ലളം സ്കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്കൂളിലേക്ക്’ പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു വി.പി.സുഹറയുടെ പ്രതിഷേധം. പരിപാടിയിലെ അതിഥി ആയിരുന്നു വി.പി.സുഹറ.

‘ഈ നൂറ്റാണ്ടിലും സ്ത്രീകളുടെ തട്ടം മാറിയോ എന്ന് നോക്കുന്നവരാണ് ഇക്കൂട്ടർ. സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഇവർക്ക് ആവലാതി ഇല്ല. ഉമർ ഫൈസി മുക്കം നടത്തിയ പ്രസ്താവന സ്ത്രീ വിരുദ്ധമാണ്. അതിന് എതിരെ മനുഷ്യാവകാശ കമ്മീഷനെയും വനിതാ കമ്മീഷനെയും സമീപിക്കും’ വി.പി സുഹറ പറഞ്ഞു

അതിനിടെ പരിപാടിയില്‍ അതിഥിയായിരുന്ന വി.പി. സുഹറ തട്ടം ഊരി പ്രതിഷേധിച്ചതില്‍ പി.ടി.എ പ്രസിഡന്റ് ഇടപെട്ടിരുന്നു. പി.ടി.എ പ്രസിഡന്റ് വി.പി. സുഹ്‌റയെ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.

തട്ടവും പര്‍ദ്ദയും ഇസ്‌ലാമികമാണെന്നും അതിനെതിരെ ആര് പ്രതികരിച്ചാലും എതിര്‍ക്കുമെന്നുമാണ് ഉമര്‍ ഫൈസി മുക്കം കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. മുസ്‌ലിം സ്ത്രീകളെ അഴിഞ്ഞാടാന്‍ വിടാന്‍ കഴിയില്ല. പഴഞ്ചന്‍ എന്ന് പറഞ്ഞാലും പ്രശ്നമില്ല. സ്ത്രീകള്‍ക്ക് അച്ചടക്കം വേണം. തട്ടം ഇടാതെ പോകുന്നത് അഴിഞ്ഞാട്ടമായി കാണുന്നതായും ഉമര്‍ ഫൈസി പറഞ്ഞിരുന്നു.

Related Articles

Latest Articles