Friday, March 29, 2024
spot_img

ഹർ ഘർ തിരംഗ; വീടുകളിൽ ദേശീയ പതാകകൾ ഉയരും; ഫ്ളാഗ് കോഡ് മാനദണ്ഡപ്രകാരം കുടുംബശ്രീ തുന്നുന്നു 50 ലക്ഷം ത്രിവർണ പതാകകൾ

ഹർ ഘർ തിരംഗയുടെ ഭാഗമായി സംസ്ഥാനത്തെ വീടുകളിൽ ഉയർത്താൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ 50 ലക്ഷം ദേശീയ പതാകകൾ ഒരുങ്ങുന്നു. ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും ഈ പതാകകൾ പാറിപ്പറക്കും. കുടുംബശ്രീക്കു കീഴിലുള്ള 700ഓളം തയ്യൽ യൂണിറ്റുകളിലെ നാലായിരത്തോളം അംഗങ്ങൾ പതാക തയാറാക്കുന്ന തിരക്കിലാണ്.

ഏഴു വ്യത്യസ്ത അളവുകളിൽ ഫ്ളാഗ് കോഡ് മാനദണ്ഡപ്രകാരം 3:2 എന്ന അനുപാതത്തിലാണു ദേശീയ പതാകകൾ നിർമിക്കുന്നത്. 20 മുതൽ 120 രൂപ വരെയാണു വില. സ്‌കൂളുകൾക്ക് ആവശ്യമായ പതാകകളുടെ എണ്ണം സ്‌കൂൾ അധികൃതരും സ്‌കൂൾ വിദ്യാർഥികൾ ഇല്ലാത്ത വീടുകളിലേക്ക് ആവശ്യമായ പതാകകളുടെ എണ്ണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അറിയിക്കുന്നതനുസരിച്ച് ജില്ലാ കുടുംബശ്രീ മിഷനുകളുടെ നേതൃത്വത്തിലാണു പതാക നിർമാണം. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാർക്കാണു പ്രവർത്തനങ്ങളുടെ ഏകോപന ചുമതല.

ആവശ്യകതയനുസരിച്ച് പ്രതിദിനം മൂന്നു ലക്ഷം പതാകകൾ നിർമിക്കുന്ന പ്രവർത്തനമാണു ഇപ്പോൾ പുരോഗമിക്കുന്നത്. നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽത്തന്നെ പതാകകൾ സ്‌കൂളുകളിലേക്കും സ്ഥാപനങ്ങളിലേക്കും എത്തിക്കും. ജില്ലകളിലെ കുടുംബശ്രീ ഉദ്യോഗസ്ഥർ, കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികൾ, യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ ഈ പരിപാടിയിൽ പങ്കാളികളാകും. ഹർ ഘർ തിരംഗയുടെ ഭാഗമായി സംസ്ഥാനത്തെ 45 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ വീടുകളിലും ദേശീയ പതാക ഉയർത്തും.

കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷനു കീഴിൽ പാശ്ശാലയിലെ സി.എഫ്.സി. അപ്പാരൽ പാർക്കിൽ 5000 പതാകകളുടെ ഓർഡർ ലഭിച്ചിട്ടുണ്ടെന്ന് യുണിറ്റ് അംഗം ഹരിത പറഞ്ഞു. 15 കുടുംബശ്രീ പ്രവർത്തകരുടെ കൂട്ടായ്മയിലൂടെയാണ് പതാകകൾ തുന്നുന്നത്. ഒരാൾക്ക് ഒരു ദിവസം 200 ത്രിവർണ പതാകകൾ നിർമിക്കാൻ കഴിയുന്നുണ്ടെന്നും പാറശാല ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്‌കൂളുകൾക്കും ആവശ്യമായ പതാകകൾ രണ്ടു ദിവസംകൊണ്ട് നിർമിക്കാനാകുമെന്നും ഹരിത പറഞ്ഞു. പൂവാർ, വിഴിഞ്ഞം മേഖലയിലെ സ്‌കൂളുകളും പതാകകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമനുസരിച്ച് കൂടുതൽ പതാകകൾ നൽകാൻ യൂണിറ്റിനെ സജ്ജമാക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

Related Articles

Latest Articles