Sunday, May 19, 2024
spot_img

‘മോനെ നീ പോയതിന്റെ വേദനയുടെ ആഴത്തില്‍ നിന്നും ഇതുവരെ മോചിതരാവാന്‍ സാധിച്ചിട്ടില്ല’; നന്ദു മഹാദേവയുടെ പിറന്നാളിന് കണ്ണീരണിയിക്കുന്ന കുറിപ്പുമായി നടി സീമ ജി നായര്‍

അര്‍ബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമേകി കൊണ്ട് മരണത്തിന് കീഴടങ്ങിയ നന്ദു മഹാദേവയുടെ പിറന്നാള്‍ ദിനത്തില്‍ കരളലിയിക്കുന്ന കുറിപ്പുമായി നടി സീമ.ജി.നായര്‍. നന്ദുവിനെ സ്വന്തം മകനെപ്പോലെ സ്നേഹിച്ച സീമയ്ക്ക് ഇപ്പോഴും നന്ദുവിന്റെ വിയോഗം വേദന തന്നെയാണ്.

അർബുദ ബാധിതനായിരിക്കെ നിരവധി ആളുകൾക്ക് പ്രചോദിതനായിരുന്നു നന്ദു മഹാദേവ. മരണതുല്യമായ വേദനകള്‍ക്കിടയിലും ചിരിക്കുന്ന മുഖത്തോടെ മാത്രമേ മലയാളികള്‍ നന്ദുവിനെ കണ്ടിട്ടുള്ളു. അതിജീവനം എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു നന്ദു. മാത്രമല്ല അർബുദം ബാധിച്ച ശേഷം സോഷ്യല്‍ മീഡിയയില്‍ നന്ദു നടത്തിയ ഇടപെടലുകള്‍ വളരെ ശ്രദ്ധേയമായിരുന്നു. ഹൃദയത്തെ നൊമ്പരപ്പെടുത്തുന്ന കുറിപ്പ് ആണ് സീമ പങ്കു വച്ചിരിക്കുന്നത്

സീമ.ജി.നായരുടെ കുറിപ്പ് ഇങ്ങനെ….

ഇന്ന് സെപ്റ്റംബര്‍ 4. ഞങ്ങളുടെ പ്രിയ നന്ദുട്ടന്റെ ജന്മദിനം. അവന്‍ പോയിട്ട് 4 മാസങ്ങള്‍ ആവുന്നു. നീ പോയതിനു ശേഷമുള്ള ആദ്യത്തെ പിറന്നാള്‍ ദിനം.അറിയാത്ത ഏതോ ലോകത്തിരുന്ന് (അല്ല,ഈശ്വരന്റെ തൊട്ടടുത്തിരുന്നു) പിറന്നാള്‍ ആഘോഷത്തിന്റെ തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ടാവും.

മോനെ നീ പോയതിന്റെ വേദനയുടെ ആഴത്തില്‍ നിന്നും ഇതുവരെ മോചിതരാവാന്‍ സാധിച്ചിട്ടില്ല.. എത്ര വേദനകള്‍ സഹിക്കുമ്പോളും വേദനയാല്‍ നിന്റെ ശരീരം വലിഞ്ഞു മുറുകുമ്പോളും നിന്റെ പുഞ്ചിരിക്കുന്ന മുഖമേ ഞങ്ങള്‍ കണ്ടിട്ടുള്ളു. നിന്നെ സ്നേഹിച്ചവര്‍ക്കെല്ലാം വേദനകള്‍ സമ്മാനിച്ച്‌ വേദനയില്ലാത്ത ലോകത്തേക്ക് നീ പറന്നകന്നപ്പോള്‍ ഞങ്ങള്‍ വേദനകൊണ്ട് തളരുകയായിരുന്നു.

പലപ്പോളും പിടിച്ചു നില്‍ക്കുന്നത് നിന്റെ ചില വാക്കുകളുടെ കരുത്തു കൊണ്ടാണ്. ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം പുകയരുത് ജ്വലിക്കണം. എന്റെ പ്രിയപ്പെട്ട മോന് യശോദമ്മയുടെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍..

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles