Monday, October 12, 2026

‘കേരളത്തിൽ കാവി നിറത്തിലുള്ള വസ്ത്രങ്ങൾക്ക് വിലക്ക് വന്നോ?’; പ്രിയ വാര്യരുടെ മറുപടി വൈറൽ

കൊച്ചി: കേരളത്തിൽ കാവി നിറത്തിലുള്ള വസ്ത്രങ്ങൾക്ക് വിലക്ക് വന്നുതുടങ്ങിയോ? നടി പ്രിയ വാര്യരോട് പൊതുവേദിയിൽ ഒരാൾ ചോദിച്ച ചോദ്യവും അതിന് താരം നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പ്രമുഖ പേഴ്‌സണൽ കെയർ ബ്രാൻഡായ കുട്ടിക്കൂറയുടെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു സംഭവം.

ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് പ്രിയ വാര്യർ പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. കുട്ടിക്കൂറ ബ്രാൻഡിന്റെ ബോട്ടിലിനും വർഷങ്ങളായി ഓറഞ്ച് നിറമാണ് ഉപയോഗിക്കുന്നത്. ഇതുമായി ബന്ധപ്പെടുത്തിയാണ് പ്രിയയുടെ വസ്ത്രത്തിന്റെ നിറത്തെക്കുറിച്ച് യൂട്യൂബർ ചോദ്യം ഉന്നയിച്ചത്.

‘ബോട്ടിലിന്റെ കളർ തെരഞ്ഞെടുക്കാനുള്ള കാരണമെന്താണ്?’ എന്നായിരുന്നു ആദ്യ ചോദ്യം. ഇതിന് ‘എന്റെ പൊന്നു ചേട്ടാ, അത് വർഷങ്ങളായി അങ്ങനെയല്ലേ’ എന്നായിരുന്നു പ്രിയയുടെ മറുപടി.

തുടർന്ന് ‘അതുകൊണ്ടാണോ കാവി ഡ്രസ് ഇട്ടത്?’ എന്നായിരുന്നു യൂട്യൂബറുടെ ചോദ്യം. ബ്രാൻഡിന്റെ നിറവുമായി യോജിക്കുന്നതിനാലാണ് ഓറഞ്ച് നിറത്തിലുള്ള വസ്ത്രം തിരഞ്ഞെടുത്തതെന്ന് പ്രിയ വ്യക്തമാക്കി. പിന്നാലെ കേരളത്തിലെ ‘ഓറഞ്ച് അലേർട്ട്’ ഓർമിപ്പിക്കുന്ന തരത്തിലായിരുന്നു യൂട്യൂബറുടെ പരാമർശം.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ യൂട്യൂബറുടെ ചോദ്യത്തിനെതിരെ നിരവധി പേർ രംഗത്തെത്തി. ഒരു വ്യക്തി ധരിക്കുന്ന വസ്ത്രത്തിന്റെ നിറത്തിൽ പോലും രാഷ്ട്രീയവും മറ്റ് വിവാദങ്ങളും അന്വേഷിക്കേണ്ടതുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്.

വ്യക്തിയുടെ വസ്ത്രധാരണവും നിറം തിരഞ്ഞെടുക്കുന്നതും വ്യക്തിപരമായ താൽപര്യത്തിന്റെ ഭാഗമാണെന്നും അതിനെ അനാവശ്യമായി രാഷ്ട്രീയ വിവാദത്തിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്നുമാണ് സോഷ്യൽ മീഡിയയിലെ പ്രധാന പ്രതികരണം. ‘ഇഷ്ടമുള്ള നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതിലും രാഷ്ട്രീയം അന്വേഷിക്കേണ്ടതുണ്ടോ?’ എന്ന ചോദ്യവും പലരും ഉന്നയിക്കുന്നുണ്ട്.

അതേസമയം, പൊതുപരിപാടികളിൽ താരങ്ങളോട് ചോദിക്കുന്ന ചോദ്യങ്ങളുടെ നിലവാരത്തെക്കുറിച്ചും ഈ സംഭവം വീണ്ടും ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. മുൻപും താരങ്ങളുടെ വസ്ത്രധാരണവും മറ്റ് വ്യക്തിപരമായ തിരഞ്ഞെടുപ്പുകളും രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി ചോദ്യങ്ങൾ ഉയർന്നിട്ടുള്ള സാഹചര്യത്തിലാണ് പുതിയ സംഭവവും ശ്രദ്ധ നേടുന്നത്.

Related Articles

Latest Articles