Saturday, May 4, 2024
spot_img

“രോഗാവസ്ഥയിലും കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിച്ച നേതാവായിരുന്നു ഉമ്മൻചാണ്ടി”; കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : രോഗാവസ്ഥയിലും കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്നഭിപ്രായപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം അയ്യൻകാളി ഹാളിൽ ഇന്ന് വൈകുന്നേരം കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടിയുടെ വിയോഗം കോൺഗ്രസിനും യുഡിഎഫിനും കനത്ത നഷ്ടമാണുണ്ടാക്കിയതെന്നും പെട്ടെന്ന് നികത്താവുന്ന വിയോഗമല്ലിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

“ഉമ്മൻ ചാണ്ടിയും ഞാനും 1970 ലാണ് നിയമസഭയിലെത്തിയത്. ആ നിയമസഭയിൽ കടന്നുവന്ന അംഗങ്ങളിൽ ഉമ്മൻ ചാണ്ടിയുടെ പ്രത്യേകത ഇതുവരെ പുതുപ്പള്ളി മണ്ഡലത്തെ തുടർച്ചയായി പ്രതിനിധീകരിക്കാനായി എന്നതാണ്. പാർലമെന്ററി പ്രവർത്തനത്തിൽ ഇതു റെക്കോർഡാണ്. ഒന്നിച്ചാണ് നിയമസഭയിലെത്തിയതെങ്കിലും തനിക്കു തുടർച്ചയായി സഭയിലെ അംഗമായി പ്രവർത്തിക്കാൻ കഴിഞ്ഞില്ല. ഉമ്മൻ ചാണ്ടി തുടർച്ചയായി ആ ചുമതല ഭംഗിയായി നിറവേറ്റി. വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത് ശോഭിക്കുന്ന ഭരണാധികാരിയെന്നു കേരളത്തിനു മുന്നിൽ തെളിയിച്ചു. രണ്ടു തവണ മുഖ്യമന്ത്രിയായപ്പോഴും ഈ ഭരണപരിചയം അദ്ദേഹത്തിനു ശക്തി പകർന്നു. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ഉമ്മൻ ചാണ്ടി അങ്ങേയറ്റം പ്രാധാന്യം കൊടുത്തു. പാർട്ടിയുടെ ഏറ്റവും ചലിക്കുന്ന നേതാവായി മാറി. അദ്ദേഹത്തിനു ലഭിച്ച സ്വീകാര്യത നേതൃശേഷിയുടെ പ്രത്യേകതയാണ്. യുഡിഎഫിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി ഉമ്മൻ ചാണ്ടി മാറി. പ്രത്യേക നേതൃവൈഭവം അദ്ദേഹം പ്രകടിപ്പിച്ചു. രോഗത്തിനു മുന്നിൽ തളരാതെ അർപ്പിതമായ ഉത്തരവാദിത്തം നിറവേറ്റി.

ചികിത്സയ്ക്കിടെ ഒരു പൊതുപരിപാടിയിൽ അദ്ദേഹത്തെ കണ്ടപ്പോൾ നേരത്തേതിനേക്കാൾ പ്രസരിപ്പും ഉൻമേഷവും കണ്ടു. നല്ല മാറ്റമാണല്ലോ വന്നിരിക്കുന്നതെന്നു ഞാൻ ചോദിച്ചു. അദ്ദേഹം ചികിത്സിച്ച ഡോക്ടറുടെ പേരു പറഞ്ഞു. ഇപ്പോൾ നല്ല മാറ്റമുണ്ടെന്നും പറ‍ഞ്ഞു. ഞാൻ ഡോക്ടറെ വിളിച്ച് അനുമോദിച്ചു. ചികിത്സയുടെ ഭാഗമായി താൻ പറയുന്നത് അംഗീകരിക്കുമോ എന്നറിയില്ലെന്നും അദ്ദേഹം വിശ്രമിക്കാൻ തയാറാകില്ലെന്നുമാണ് ഡോക്ടർ പറഞ്ഞത്. വിശ്രമം അദ്ദേഹത്തിന്റെ കൂടപ്പിറപ്പല്ല. രോഗം ബാധിച്ചപ്പോഴും പാർട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമിച്ചത്. രോഗാവസ്ഥയിലും കേരളം മൊത്തം എത്തുന്ന ഉമ്മൻ ചാണ്ടിയെ ആണ് കണ്ടത്. വിയോഗം കോൺഗ്രസിനു കനത്ത നഷ്ടമാണ്. പെട്ടെന്ന് നികത്താവുന്ന വിയോഗമല്ല. യുഡിഎഫിനും വലിയ നഷ്ടം ഉണ്ടായി’’– മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Latest Articles