Thursday, April 25, 2024
spot_img

സംസ്ഥാനം കടുത്ത ചൂടിലേക്ക്; ഇന്നും താപനില കൂടും, സൂര്യാഘാതത്തിന് സാധ്യത, ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനം കടുത്ത ചൂടിലേക്ക്. കേരളത്തിൽ ഇന്നും താപനില ഉയരാൻ സാധ്യത. ആറ് ജില്ലകളിൽ താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാനാണ് സാധ്യത. കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാട്, വെള്ളാനിക്കര, പുനലൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു. ഈ സ്ഥലങ്ങളിലും പ്രത്യേക ജാഗ്രത വേണം. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ പുറം ജോലികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ പലയിടങ്ങളിലും താപനില 36 ഡിഗ്രി സെൽഷ്യസ് വരെ കടക്കാൻ സാധ്യത ഉണ്ട്. ഈ ദിവസങ്ങളിൽ പാലക്കാട് 40 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയരാനാണ് സാധ്യത. കാലാവസ്ഥ നിരീക്ഷണ വകുപ്പിന് പുറമേ, മറ്റ് കാലാവസ്ഥ ഏജൻസികളും കൊടും ചൂട് പ്രവചിക്കുന്നുണ്ട്. അടുത്ത മൂന്ന് ദിവസവും വരണ്ട കാലാവസ്ഥ തുടരാനാണ് സാധ്യത.

ഫെബ്രുവരി ആദ്യ വാരം തന്നെ പലയിടങ്ങിളിലും പരമാവധി താപനില 35 ഡിഗ്രി പിന്നിട്ടിരുന്നു. അടുത്ത ദിവസങ്ങളിൽ വേനൽ മഴ കിട്ടിയില്ലെങ്കിൽ ചൂട് പിന്നെയും കൂടും. അടുത്ത ചൊവ്വാഴ്ചയ്ക്ക് ശേഷം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് നിരീക്ഷണം.

Related Articles

Latest Articles