Sunday, May 19, 2024
spot_img

വൻ ഗതാഗതം!;താമരശ്ശേരി ചുരത്തില്‍ ആംബുലന്‍സിന്റെ വഴിമുടക്കി കാര്‍;ഡ്രൈവര്‍ക്കെതിരെ കേസ്

കല്‍പ്പറ്റ:താമരശ്ശേരി ചുരത്തില്‍ ആംബുലന്‍സിന്റെ യാത്രക്ക് തടസ്സമുണ്ടാക്കിയ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്.കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ആണ് കേസെടുത്തിരിക്കുന്നത്.ഇക്കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു സംഭവം.വാഹനങ്ങളെല്ലാം ലൈന്‍ ട്രാഫിക് പാലിക്കുന്നതിനിടെ മധ്യവര മറി കടന്ന് കാര്‍ നിര്‍ത്തിയിടുകയായിരുന്നു. റോഡിന്റെ മധ്യത്തില്‍ കാര്‍ കിടക്കുന്നത് കാരണം കോഴിക്കോട്ടെ ആശുപത്രിയിലേക്ക് രോഗിയെയും കൊണ്ടു പോവുകയായിരുന്നു ആംബുലന്‍സിന് കടന്നുപോകാന്‍ കഴിഞ്ഞില്ല.

മറ്റു വാഹനയാത്രികരും സ്ഥലത്തുണ്ടായിരുന്നുവരും ഇടപ്പെട്ടതിന് ശേഷമാണ് ആംബുലന്‍സ് ഗതാഗത തടസ്സത്തില്‍ നിന്ന് ഒഴിവായത്. എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനങ്ങളും ഈ കാര്‍ യാത്രികന്റെ തെറ്റായ നടപടി മൂലം കുരുക്കിലായിരുന്നു. ചുരത്തിലെ രൂക്ഷമായ ഗതാഗത തടസ്സത്തിന് ഒരു കാരണം ഗതാഗത നിയമം പാലിക്കാതെ എത്തുന്ന ഇത്തരം വാഹന യാത്രികരാണെന്നാണ് ചുരം സംരക്ഷണ സമിതിയുടെ അഭിപ്രായം. ചുരത്തില്‍ മണിക്കൂറുകളോളം ഉണ്ടാകുന്ന ഗതാഗത തടസ്സം നീക്കുന്നതിന് ക്രിയാത്മകമായ നിര്‍ദ്ദേശമാണ് കോഴിക്കോട് മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട് വെക്കുന്നത്. അതേസമയം നിയമലംഘനത്തിന് അയ്യായിരം രൂപ പിഴയടക്കണമെന്ന് കാണിച്ച് മോട്ടോര്‍ വാഹനവകുപ്പ് കൊടുവള്ളി ഓഫീസ് കാര്‍ ഡ്രൈവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles