തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന അദ്ധ്യക്ഷനായി ഒ.ജെ. ജനീഷിനെ പ്രഖ്യാപിച്ചു. പുതിയ അദ്ധ്യക്ഷനായി പരിഗണിക്കും എന്ന് അവസാന നിമിഷം വരെയും പ്രവചിക്കപ്പെട്ടിരുന്ന അബിൻ വർക്കിയെ അവഗണിച്ചാണ് 2013 മുതൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായ ഒ.ജെ. ജനീഷിനെ സ്ഥാനത്ത് പരിഗണിച്ചത്. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായ ബിനു ചുള്ളിയിലിനെ വർക്കിങ് പ്രസിഡന്റായും തെരഞ്ഞെടുത്തു.അബിന്‍ വര്‍ക്കി, കെ.എം. അഭിജിത്ത് എന്നിവരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. മഹിപാല്‍ ഗധാവി, സദഫ് ഖാന്‍, ലില്ലി ശ്രിവാസ് എന്നിവരും ദേശീയ സെക്രട്ടറിമാരാണ്. കരണ്‍ ചൗരസ്യയാണ് ജോയിന്റ് സെക്രട്ടറി.
രാഹുല്‍ മാങ്കൂട്ടത്തില്‍ അധ്യക്ഷസ്ഥാനം രാജിവെച്ച് 51 ദിവസം പിന്നിടുമ്പോഴാണ് പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചത്. തൃശ്ശൂര്‍ സ്വദേശിയാണ് ജനീഷ്. തൃശ്ശൂര്‍ ജില്ലയില്‍ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അതേസമയം സാമുദായിക സന്തുലനമാണ് അബിൻ വർക്കിക്ക് തടസ്സമായതെന്നാണ് റിപ്പോർട്ട്. കെപിസിസി പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷയും കെഎസ്‌യു അദ്ധ്യക്ഷനും ന്യൂനപക്ഷ സമുദായക്കാരാണെന്നതാണ് അബിന്റെ സാധ്യത കുറച്ചത്.

