വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയുടെ പ്രചാരണം വിലയിരുത്താൻ ഉന്നത തല സിപിഎം യോഗം ചേർന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് അവലോകന യോഗം . കെ.കെ. ശൈലജയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വടകരയിൽ തിരഞ്ഞെടുപ്പ് ചുമതലയുള്ള ടി.പി. രാമകൃഷ്ണൻ എംഎൽഎ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, ജില്ലാ സെക്രട്ടറി പി.മോഹനൻ, പി.ജയരാജൻ, വത്സൻ പനോളി തുടങ്ങിയ നേതാക്കളും യോഗത്തിലുണ്ട്.
പാനൂർ സ്‌ഫോടനത്തിൽ ഡിവൈഎഫ്ഐ നേതാക്കൾ അടക്കം അറസ്റ്റിലായത് മുന്നണിയെ തെരഞ്ഞെടുപ്പിൽ പുറകോട്ട് അടിക്കുമോ എന്ന ആശങ്ക പ്രവർത്തകർക്കിടയിൽ നിലനിൽക്കുന്നുണ്ട്. അതേസമയം സ്‌ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വടകര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. രാഷ്ട്രീയ എതിരാളികളെ വകവരുത്താൻ ലക്ഷ്യമിട്ടാണ് ബോംബ് നിര്‍മ്മിച്ചെന്ന് കണ്ടെത്തിയിട്ടും കേസില്‍ യുഎപിഎ ചുമത്താന്‍ പോലീസ് ഇതുവരെ തയാറാകാത്തത് കേസ് അട്ടിമറിക്കപ്പെടുമെന്ന സംശയം ബലപ്പെടുത്തുന്നതാണെന്നും ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്നുമാണ് ഷാഫി പറമ്പിൽ പരാതിയിൽ ആവശ്യപ്പെടുന്നത്.

