ബെംഗളൂരു: കർണ്ണാടകയിലെ മത്സരപരീക്ഷകളിൽ ഉണ്ടായിരുന്ന ഹിജാബ് നിരോധനം തുടരും. തലയോ വായോ ചെവിയോ മറയ്ക്കുന്ന വസ്ത്രമോ തൊപ്പിയോ പരീക്ഷാ ഹാളില്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കര്‍ണാടക പരീക്ഷാ അതോറിറ്റി നിബന്ധനകള്‍ പുറത്തിറക്കി. ഈ വസ്ത്രങ്ങളിൽ ഇതിൽ ഹിജാബും തൊപ്പിയും ഉൾപ്പെടും. ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന കോപ്പിയടി തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ മാസം വിവിധ വകുപ്പുകളിലെ ഒഴിവുനികത്താനായി സർക്കാർ നടത്തുന്ന യോഗ്യതാ പരീക്ഷയിൽ മത്സരാർത്ഥികൾ ഹിജാബ് ധരിക്കുന്നതിന് വിലക്കില്ലെന്ന് കർണാടക സർക്കാർ അറിയിച്ചിരുന്നു. പിന്നാലെ കെഇഎ നടത്തിയ പരീക്ഷയില്‍ കല്‍ബുര്‍ഗി, യാദ്ഗിര്‍ എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഉപയോഗിച്ചതായി ആരോപണമുയര്‍ന്നു. സംഭവത്തില്‍ സിഐഡി അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

