ബെംഗളൂരു: ഹിജാബ് വിവാദത്തിന്റെ (Hijab controversy) പശ്ചാത്തലത്തില്‍ ഉഡുപ്പിയിൽ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ മുതല്‍ ഈ മാസം 19 ശനിയാഴ്ച വരെ ഉടുപ്പിയിലെ എല്ലാ സ്‌കൂളുകള്‍ക്കും സമീപത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. അവധി അവസാനിച്ച് സ്‌കൂള്‍ തുറക്കുന്ന വേളയിലാണ് സംഘര്‍ഷ സാധ്യത കണക്കിലെടുത്തുള്ള മുന്നൊരുക്കങ്ങള്‍.
സ്‌കൂള്‍ പരിസരത്ത് ആള്‍ക്കൂട്ടം അനുവദിക്കില്ല. പ്രതിഷേധ പ്രകടനങ്ങള്‍, മുദ്രാവാക്യം വിളികള്‍, തുടങ്ങിയവ നിരോധിച്ചു. പൊലീസ് സൂപ്രണ്ടിന്റെ അപേക്ഷ പ്രകാരം ഉഡുപ്പി ഡപ്യൂട്ടി കമ്മീഷണര്‍ കുര്‍മ റാവുവാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പുതിയ ഉത്തരവ് പ്രകാരം അഞ്ചില്‍ കൂടുതല്‍ പേര്‍ സ്‌കൂള്‍ പരിസരങ്ങളില്‍ ഒരുമിച്ച് നില്‍ക്കാന്‍ പാടില്ല.

