വള്ളികുന്നം: മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലിൽ വള്ളികുന്നത്ത് പശു ചത്തു. വീടിനും നാശനഷ്ട്ടം സംഭവിച്ചു. പുത്തന്‍ചന്ത മാരൂര്‍ തെക്കതില്‍ മോഹനന്റെ വീട്ടിലെ കാലിത്തൊഴുത്തില്‍ കെട്ടിയിരുന്ന ഏഴുമാസം ഗര്‍ഭിണിയായ പശുവാണ് ചത്തത്.
കാലിത്തൊഴുത്തിലുണ്ടായിരുന്ന വൈക്കോല്‍ക്കൂനയ്ക്കും തീപിടിച്ചു.
ശനിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. നാട്ടുകാര്‍ ഓടിയെത്തി തീയണച്ചതിനാല്‍ വന്‍ദുരന്തമൊഴിവായി. മിന്നലേറ്റു വീടിന്റെ ഭിത്തികള്‍ പൊട്ടിക്കീറി. ജനലിന്റെ ഗ്ലാസുകള്‍ പൊട്ടിത്തകര്‍ന്നു. വൈദ്യുതിമീറ്ററും സ്വിച്ച് ബോര്‍ഡുകളും പൊട്ടിച്ചിതറുകയും കത്തിനശിക്കുകയും ചെയ്തു. ആളപായമില്ല.

