Sunday, November 1, 2026

ഹിമാചലിൽ ആം ആദ്മി പാർട്ടിയ്ക്ക് വൻ തിരിച്ചടി: അരവിന്ദ് കെജ്രിവാളിൻ്റെ റോഡ് ഷോ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ സംസ്ഥാന അധ്യക്ഷനും സെക്രട്ടറിയും ബിജെപിയിൽ ചേർന്നു

ദില്ലി: ഹിമാചൽ പ്രദേശിൽ വൻ തിരിച്ചടി നേരിട്ട് ആം ആദ്മി പാ‍ര്‍ട്ടി. ഹിമാചൽപ്രദേശിലെ മാണ്ഡിയിൽ ജനങ്ങളെ ഇളക്കി മറിച്ചുള്ള അരവിന്ദ് കെജ്രിവാളിൻ്റെ റോഡ് ഷോ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ആം ആദ്മി സംസ്ഥാന അധ്യക്ഷനും സംഘടന സെക്രട്ടറിയും ബിജെപിയിൽ ചേർന്നു.

ദില്ലിയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയിൽ നിന്നുമാണ് ആം ആദ്മിയുടെ സീനിയ‍ര്‍ നേതാക്കൾ പാ‍ര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ആം ആദ്മി ഹിമാചൽ പ്രദേശ് പ്രസിഡന്റ് അനൂപ് കേസരി, സംഘടനാ ജനറൽ സെക്രട്ടറി സതീഷ് താക്കൂർ, യുഎൻഎ പ്രസിഡന്റ് ഇഖ്ബാൽ സിംഗ് എന്നിവരാണ് ഇന്ന് രാവിലെ ദില്ലിയിൽ വച്ച് ബിജെപിയിൽ ചേർന്നത്.

തുടർന്ന് മൂന്ന് നേതാക്കളേയും ജെപി നദ്ദയും ഹിമാചൽ പ്രദേശിൽ നിന്നുള്ള കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും ചേ‍ര്‍ന്ന് സ്വീകരിച്ചു. അതേസമയം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിമാചലിലെ 68 സീറ്റുകളിലും മത്സരിക്കാനൊരുങ്ങുന്ന ആംആദ്മി ക്യാംപിന് അപ്രതീക്ഷിത ആഘാതമായി സംസ്ഥാന ഭാരവാഹികളുടെ കാലുമാറ്റം.

ഇതിനു പിന്നാലെ നേതാക്കളെ സ്വീകരിച്ചു കൊണ്ട്, അരവിന്ദ് കെജ്‌രിവാളിന്റെ കെണിയിൽ ഹിമാചലിലെ മലകളും ജനങ്ങളും വീഴില്ലെന്ന് അനുരാഗ് താക്കൂര്‍ ട്വിറ്ററിൽ കുറിച്ചു. ആം ആദ്മിയുടെ ഹിമാചൽ പ്രദേശ് വിരുദ്ധ നയങ്ങളിൽ വിയോജിച്ചാണ് നേതാക്കൾ പാ‍ര്‍ട്ടി വിട്ട് ബിജെപിയിൽ ചേർന്നതെന്നും അദ്ദേഹം കുറിച്ചു. മാത്രമല്ല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും യുപി തെരഞ്ഞെടുപ്പിലും എന്ന പോലെ ഇക്കുറിയും സംസ്ഥാനത്ത് ആം ആദ്മിക്ക് കെട്ടിവച്ച കാശ് പോലും തെരഞ്ഞെടുപ്പിൽ കിട്ടില്ലെന്നും അനുരാഗ് താക്കൂ‍ര്‍ പരിഹസിച്ചു.

Related Articles

Latest Articles