Sunday, January 11, 2026

ജി 20 ഉച്ചകോടിയുടെ ചരിത്ര വിജയം! ലോകത്തെ എറ്റവും സ്വാധീനവും സ്വീകാര്യതയുമുള്ള ലോകനേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി ! മോർണിംഗ് കൺസൾട്ടിന്റെ ‘ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിംഗ് ട്രാക്കർ’ പട്ടിക പുറത്ത്

ജി 20 ഉച്ചകോടിയുടെ ചരിത്ര വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗോള നേതാക്കളുടെ അംഗീകാര റേറ്റിംഗ് പട്ടികയിൽ തന്റെ ഒന്നാം സ്ഥാനം നിലനിർത്തി. 64 ശതമാനം അംഗീകാരത്തോടെ സ്വിസ് പ്രസിഡന്റ് അലൈൻ ബെർസെറ്റ് രണ്ടാം സ്ഥാനത്തും മെക്‌സിക്കൻ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ മൂന്നാം സ്ഥാനത്തുമാണ്.

ജൂണിൽ പുറത്തിറക്കിയ അവസാന പട്ടിക അനുസരിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ 40 ശതമാനം റേറ്റിംങ്ങോടെ ഏഴാം സ്ഥാനം നിലനിർത്തി. അതെ സമയം ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് 27 ശതമാനം റേറ്റിംഗുമായി 12-ാം സ്ഥാനത്ത് നിന്ന് 15-ാം സ്ഥാനത്തേക്ക് താഴ്ന്നു.

ഡിസിഷൻ ഇന്റലിജൻസ് കമ്പനിയായ മോർണിംഗ് കൺസൾട്ട് സെപ്റ്റംബർ 14-ന് പുറത്തിറക്കിയ ‘ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിംഗ് ട്രാക്കർ’ പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സെപ്റ്റംബർ 6 മുതൽ 12 വരെ ശേഖരിച്ച വിവരത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

പട്ടിക പ്രകാരം, 48 ശതമാനം അംഗീകാരമുള്ള ഓസ്‌ട്രേലിയയുടെ ആന്റണി അൽബനീസ് അഞ്ചാം സ്ഥാനത്തെത്തിയപ്പോൾ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി 42 ശതമാനം സ്കോറോടെ ആറാം സ്ഥാനത്തെത്തി.

യുക്രെയ്ൻ – റഷ്യ യുദ്ധത്തിൽ രാജ്യങ്ങൾക്കിടയിലെ അഭിപ്രായ വ്യത്യാസത്തിനിടെ ജി20യിലെ എല്ലാ രാജ്യങ്ങൾക്കും അഭിപ്രായ വ്യത്യാസം ഇല്ലാതെ സംയുക്ത പ്രസ്ഥാവന ചർച്ച ചെയ്ത് അംഗീകരിപ്പിച്ചത് ഭാരതത്തിൻെറയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വൻ വിജയമായാണ് ലോകം വിലയിരുത്തുന്നത്. 200 മണിക്കൂറുകൾക്കിടയിൽ നടന്ന 300 മീറ്റീങ്ങുകളിലൂടെയാണ്‌ ഈ നീക്കം നടത്താനായത്.

ജി20 പ്രഖ്യാപനത്തിൽ സമവായം കൈവരിക്കുക എന്നത് കഠിനമായ ദൗത്യം തന്നെയായിരുന്നു. ചൈന, റഷ്യ, പ്രധാന പാശ്ചാത്യ രാജ്യങ്ങൾ എന്നിവരുമായി നടത്തിയ ഫലവത്തായ ചർച്ചകളും ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങൾ നൽകിയ ശക്തമായ പിന്തുണയുമാണ് സമവായം കൈവരിക്കാൻ ഭാരതത്തെ സഹായിച്ചത്. റഷ്യ–ചൈന രാഷ്ട്രത്തലവന്മാരുടെ എതിർപ്പാണ് സംയുക്ത പ്രഖ്യാപനത്തിൽ യുക്രെയ്ൻ വിഷയം സംബന്ധിച്ചു വിയോജിപ്പിനിടയാക്കിയത്.ഒരു പക്ഷെ സംയുക്ത പ്രഖ്യാപനമുണ്ടാക്കുന്നതിൽ പരാജയപ്പെട്ടിരുന്നുവെങ്കിൽ നയതന്ത്ര രംഗത്തും ഭാരതത്തിന് ക്ഷീണമാകുമായിരുന്നു. മാത്രമല്ല ഭാരതം ആതിഥേയത്വം വഹിച്ച ഉച്ചകോടിയിൽ പ്രഖ്യാപനമുണ്ടാകുന്നില്ലെങ്കിൽ അത് സമ്മേളനത്തിന്റെ പരാജയമായി വിലയിരുത്തപ്പെടുമായിരുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധ വിഷയത്തിൽ സമവായം കൊണ്ടുവരിക എന്നതിൽ വിജയിച്ചതോടെ ലോക രാജ്യങ്ങളുടെ തലപ്പത്തേക്കും ഭാരതം എത്തുന്നു എന്നതും ശ്രദ്ധേയമാണ്.

Related Articles

Latest Articles