Friday, May 17, 2024
spot_img

ബാബു തിരികെ ജീവിതത്തിലേയ്ക്ക്; സൈന്യത്തിന് നന്ദി അറിയിച്ച് ബാബുവിന്റെ അമ്മ

പാലക്കാട്: മലമ്പുഴയിലെ പാറയിടുക്കിൽ 46 മണിക്കൂറിലധികമായി കുടുങ്ങിയ ബാബുവിനെ സുരക്ഷിതനായി തിരികെയെത്തിച്ചു. ഇപ്പോഴിതാ മകനെ രക്ഷപ്പെടുത്തിക്കൊണ്ടുവന്നതിൽ സൈന്യത്തിന് നന്ദി അറിയിക്കുകയാണവർ. മലയിടുക്കില്‍ കുടുങ്ങിയ മകനെ രക്ഷിച്ചുകൊണ്ടുവരുമെന്ന ശുഭപ്രതീക്ഷയുണ്ടായിരുന്നുവെന്ന് ബാബുവിന്റെ അമ്മ റഷീദ പറഞ്ഞു. രക്ഷാ പ്രവര്‍ത്തകരും നാടും തന്നോടൊപ്പമുണ്ടായിരുന്നുവെന്നും ബാബുവിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ തനിക്ക് വിശ്വാസമുണ്ടായിരുന്നു. മകനെ ജീവനോടെ സൈന്യം തനിക്ക് രക്ഷപ്പെടുത്തി കൊണ്ടുതരുമെന്നുള്ള പ്രതീക്ഷയുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ബാബുവിന്‍റെ അമ്മ മകനെയോർത്ത് തേങ്ങിക്കൊണ്ട് മലയടിവാരത്തുണ്ടായിരുന്നു. ബാബു മലയിൽക്കുടുങ്ങിയ വിവരം തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അറിഞ്ഞത്. അവൻ വീട്ടിലേക്ക് ഫോണിൽവിളിച്ച് പറയുകയായിരുന്നു. ഞാൻ വിഷമം കൊണ്ട് കരഞ്ഞപ്പോൾ, എന്തിനാണ് കരയുന്നതെന്ന് ചോദിച്ച് അവൻ ദേഷ്യപ്പെട്ടു. പിന്നെ, കുഴപ്പമൊന്നും ഇല്ലെന്നുപറഞ്ഞ് ഫോൺവെച്ചു. വൈകീട്ട് ഏഴരവരെയും വിളിച്ചിരുന്നെങ്കിലും പിന്നീട് ഫോൺ കിട്ടാതായിയെന്നും റഷീദ പറഞ്ഞിരുന്നു.

അതേസമയം, 46 മണിക്കൂറോളം നീണ്ടു നിന്ന രക്ഷാപ്രവർത്തനത്തിന് മലയാളിയായ ലഫ്.കേണൽ ഹേമന്ത് രാജിന്റെ നേതൃത്വത്തിലുള്ള ദൗത്യ സംഘമാണ് ഉണ്ടായിരുന്നത്. ഇന്ത്യൻ ആർമിക്ക് കേരളം ഒട്ടാകെ നന്ദിയറിയിക്കുകയാണ്. ഇത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം. ബാബുവിനെ ഉടൻ തന്നെ കഞ്ചിക്കോട് നിന്ന് ആശുപത്രിയിലേയ്ക്ക് മാറ്റുമെന്ന് സൈനികർ അറിയിച്ചു. ഹെലികോപ്റ്റർ ഉടൻ തന്നെ അവിടേയ്ക്ക് എത്തിച്ചേരുമെന്നും സൈനികർ അറിയിച്ചു.

സൈനിക കമാണ്ടോയായ ബാലായാണ് ബാബുവിന് അടുത്ത് ആദ്യം എത്തിയത്. തുടർന്ന് അദ്ദേഹം ബാബുവിന് വെള്ളവും ഭക്ഷണവും കൊടുത്തു. സൈനിക കമാണ്ടോയായ ബാല എല്ലാ അർത്ഥത്തിലും രക്ഷകനായി മാറി. രണ്ട് വിഭാഗമായി തിരിഞ്ഞാണ് രക്ഷാപ്രവർത്ഥനങ്ങൾ നടത്തിയത്. ബാബുവിന്റെ ആരോഗ്യം തൃപ്തികരമെന്ന് സേന അറിയിച്ചു.

‘ഞങ്ങൾ എത്തി പേടിക്കേണ്ട’ന്നു കരസേനാ സംഘം പറഞ്ഞപ്പോൾ ബാബു തിരിച്ച് മറുപടി പറഞ്ഞു. ‘വെള്ളം കൊണ്ടുവരുന്നുണ്ട്, ഒച്ചവയ്ക്കണ്ട’ എന്നും കരസേനാ സംഘം ബാബുവിനോടു പറഞ്ഞു. ക്ഷീണിക്കുമെന്നതിനാലാണ് അധികം ഒച്ച വച്ചു സംസാരിക്കേണ്ടെന്ന് ബാബുവിനോട് ആവശ്യപ്പെട്ടത്. പിന്നാലെ രണ്ടും കൽപ്പിച്ച് ബാല താഴേക്കിറങ്ങി. ബാബുവിന് അടുത്ത് എത്തുകയും ചെയ്തു.

രാത്രിയോടെ സ്ഥലത്തെത്തിയ കരസേനാ സംഘം മലമുകളിൽ എത്തി താഴെ ബാബു ഇരിക്കുന്ന സ്ഥലത്തേക്ക് വടം കെട്ടി ഇറങ്ങുകയായിരുന്നു. ബാബുവിനെ സുരക്ഷാ ബെൽറ്റ് ധരിപ്പിച്ചാണ് മുകളിലേയ്ക്ക് എത്തിച്ചത്.

Related Articles

Latest Articles