അടുക്കളയിൽ നിന്ന് അരങ്ങത്തേക്കല്ല, ഇന്ന് പ്രതിരോധ സേനയിലേക്കാണ്. രാജ്യത്തിന്റെ അഭിമാനമായി 153 വനിതാ കേഡറ്റുകളാണ് പാസിംഗ് ഔട്ട് പരേഡ് നടത്തിയത്. അഗ്നിപഥ് പദ്ധതിക്ക് കീഴിൽ നാല് മാസത്തെ പരിശീലനം പൂർത്തിയാക്കിയ വ്യോമസേനയിലെ ആദ്യ ബാച്ചിലെ വനിതാ അഗ്നിവീർമാരുടെ പാസിംഗ് ഔട്ട് പരേഡാണ് നടന്നത്. കർണാടകയിലെ ബെലഗാവിയിലെ എയർമെൻ ട്രെയിനിംഗ് സ്‌കൂളിൽ നടന്ന പരേഡിൽ 153 വനിതാ അഗ്നിവീർവായു കേഡറ്റുകൾ തങ്ങളുടെ പുരുഷ കേഡറ്റുകൾക്കൊപ്പം മാർച്ച് നടത്തി. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 2280 അഗ്നിവീർ വായു കേഡറ്റുകൾ 22 ആഴ്ചത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കി. അഗ്നിവീർവായുവിന്റെ രണ്ടാമത്തെ ബാച്ചാണ് ഇത്. എയർ മാർഷൽ ആർ. രധീഷിന്റെ സാന്നിധ്യത്തിലായിരുന്നു പാസിംഗ് ഔട്ട് പരേഡ്. ആഗോളതലത്തിലെ സാഹചര്യങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ കഴിയണമെന്നും പുതിയ വെല്ലുവിളികളെ സധൈര്യം നേരിടാൻ സജ്ജമാകണമെന്നും അദ്ദേഹം പറഞ്ഞു. ലഭിച്ച യുദ്ധ പരിശീലനവും സൈനിക തയ്യാറെടുപ്പും സൈനിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഉപയോഗിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. അതേസമയം, പരിശീലനം പൂർത്തിയാക്കിയ അഗ്നീവിരന്മാരെ നാല് വർഷത്തേക്കാണ് നിയമിക്കുന്നത്. ഇവരുടെ സേവനം നാല് വർഷത്തേക്ക് കൂടി നീട്ടാനുള്ള അവസരവുമുണ്ട്. നാല് വർഷത്തിന് ശേഷം 25 ശതമാനം അഗ്നിവീരന്മാരെ സ്ഥിരം സൈനികരായി സൈന്യത്തിൽ ചേരാൻ തിരഞ്ഞെടുക്കും. ശേഷിക്കുന്ന 75 ശതമാനം പേരെയും ഒഴിവാക്കും. നൈപുണ്യ സർട്ടിഫിക്കറ്റ്, തൊഴിൽ കണ്ടെത്തുന്നതിനുള്ള പിന്തുണ എന്നിവ ഉൾപ്പെടുന്ന പ്രത്യേക പാക്കേജ് ലഭിക്കും.
അതേസമയം, നരേന്ദ്രമോദി അധികാരത്തിലേറിയതിന് ശേഷം സ്ത്രീകൾക്ക് വേണ്ടി നിരവധി പദ്ധതികളും മറ്റുമാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. കൂടാതെ, പുരുഷന്മാർക്കും വനിതകൾക്കും എല്ലാ മേഖലകളിലും തുല്യ പ്രാതിനിധ്യമാണ് നരേന്ദ്രമോദി സർക്കാർ ഉറപ്പുവരുത്തുന്നത്. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം, നാവികേസനയുടെ കമാൻഡിംഗ് ഓഫീസറായി വനിതയെ നിയമിക്കാൻ തീരുമാനമായിരുന്നു. സേനയുടെ ചരിത്രത്തിലാദ്യമായാണ് നാവികേസനയുടെ കമാൻഡിംഗ് ഓഫീസറായി സ്ത്രീയെ നിയമിക്കുന്നതെന്ന് നാവികസന മേധാവി അഡ്മിറൽ ആർ ഹരികുമാർ പറയുകയുണ്ടായി. ലെഫ്റ്റനന്റ് കമാൻഡറായ യുവതി INS ട്രിങ്കാറ്റിന്റെ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റിന്റെ കമാൻഡിംഗ് ഓഫീസറായാകും ചുമതലയേൽക്കുക. ഇന്ത്യൻ നാവികസേനയിൽ 1000-ത്തിലധികം വനിതാ അഗ്നിവീറുകളെ ഉൾപ്പെടുത്തിയതായും അഡ്മിറൽ ആർ ഹരി കുമാർ വ്യക്തമാക്കി. ആദ്യ ബാച്ചിലെ അഗ്നീവീരന്മാർ INS ചിൽക്കയിൽ നിന്നാണ് ബിരുദം കരസ്ഥമാക്കിയത്. 272 വനിതാ അഗ്നീവിർ ട്രെയിനികൾ ഉൾപ്പെടെയാണ്, ഇവിടെ നിന്ന് ബിരുദം നേടിയത്. കൂടാതെ, രണ്ടാമത്തെ ബാച്ചിൽ 454 സ്ത്രീകളും ഉൾപ്പെട്ടിരുന്നു. സേനയിൽ സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായും വരുന്ന വർഷത്തോടെ ആയിരത്തോളം വനിതാ അഗ്നിവീറുകളെ നാവികസേനയുടെ ഭാഗമാക്കുമെന്നും അഡ്മിറൽ ആർ ഹരികുമാർ കൂട്ടിച്ചേർത്തു.

