Wednesday, May 1, 2024
spot_img

ആൺകുട്ടികളെ ഉപയോഗിച്ച് ഹണിട്രാപ്പ് നടത്തിയ രണ്ട് മലപ്പുറം സ്വദേശികൾ അറസ്റ്റിൽ; പിടിയിലായത് കൊടുംക്രിമിനലുകൾ

മലപ്പുറം: ആൺകുട്ടികളെ ഉപയോഗിച്ച് ഹണിട്രാപ്പ് (Honey Trap) നടത്തിയ സംഭവത്തിൽ രണ്ട് മലപ്പുറം സ്വദേശികൾ അറസ്റ്റിൽ. നിലമ്പൂർ സ്വദേശി ജംഷീർ (31), ടാണ സ്വദേശി ഷമീർ (21) എന്നിവരാണ് നിലമ്പൂർ പോലീസിന്റെ പിടിയിലായത്. സാമ്പത്തിക ഭദ്രതയുള്ളതും സമൂഹത്തിൽ സ്വീകാര്യതയുള്ളതുമായ കുടുംബങ്ങളിലെ വ്യക്തികളെ തന്ത്രപൂർവം ആളൊഴിഞ്ഞ പ്രദേശത്തേക്ക് വിളിച്ചു വരുത്തിയാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ഇത്തരത്തിൽ ഒറ്റയ്‌ക്കെത്തുന്നവരോടൊപ്പം പ്രത്യേക പരിശീലനങ്ങൾ നൽകിയ ആൺകുട്ടികളെ നിർത്തുകയും അവരെ ഉപയോഗിച്ച് ഫോട്ടോകളും വീഡിയോകളും ചിത്രീകരിക്കുകയും ചെയ്യും. പിന്നീട് ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് പതിവ്.

ഇങ്ങനെ ഒരു വ്യക്തിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തവരാണ് പിടിയിലായത്. ക്വട്ടേഷൻ, വധശ്രമം, തീവയ്ക്കൽ തുടങ്ങി ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ജംഷീർ. പോക്‌സോ കേസിൽ പ്രതിയായ ഷമീർ നിലവിൽ ജാമ്യത്തിലായിരുന്നു. ഇവരുടെ ഹണിട്രാപ്പിൽ ഇരകളായത് നിരവധി പേരാണെന്നും പലരും പരാതിപ്പെടാൻ മടിക്കുകയാണെന്നും പോലീസ് അറിയിച്ചു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.

Related Articles

Latest Articles