Sunday, May 5, 2024
spot_img

കൊവിഡ് പരിശോധിക്കാന്‍ പറഞ്ഞത് ഇഷ്ടമായില്ല; ആരോഗ്യപ്രവര്‍ത്തകരെ കടന്നാക്രമിച്ച യുവാക്കള്‍ പോലീസ് പിടിയില്‍

തൊടുപുഴ: അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്‌സുമാരെയും ആരോഗ്യപ്രവര്‍ത്തകരെയും ആക്രമിച്ചെന്ന പരാതിയില്‍ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലൂര്‍ക്കാട് താണിക്കുന്നേല്‍ ജോബിന്‍(21), കുമാരമംഗലം ഉരിയരിക്കുന്ന് മേക്കുഴിക്കാട്ട് അഖില്‍(21), തൈമറ്റം വലിയപാറയില്‍ വിനില്‍കുമാര്‍(22) എന്നിവരെയാണ് തൊടുപുഴ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇവര്‍ ഒളിവിലായിരുന്നു. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പനി ബാധിച്ച സുഹൃത്തിനെയും കൂട്ടിയാണ് മൂവരും ആശുപത്രിയിലെത്തിയത്. ആശുപത്രിയില്‍ നിന്ന് കൊവിഡ് പരിശോധനക്ക് നിര്‍ദേശിച്ചു. കൊവിഡ് പരിശോധിക്കാന്‍ ആവശ്യപ്പെട്ടത് ഇവര്‍ക്ക് ഇഷ്ടമായില്ല. തുടര്‍ന്ന് സുഹൃത്തുമായി ഇവര്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരിച്ച് അല്‍ അസ്ഹര്‍ ആശുപത്രിയിലെത്തിയ മൂവര്‍ സംഘം കമ്പി വടി ഉപയോഗിച്ച് നഴ്‌സുമാരെയും സെക്യൂരിറ്റി ജീവനക്കാരെയും മര്‍ദ്ദിച്ചെന്ന് പരാതിയില്‍ വ്യക്തമാക്കി. രണ്ട് നഴ്‌സുമാര്‍ക്കും മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കും പരിക്കേറ്റു. ആശുപത്രിയിലും ഇവര്‍ നാശനഷ്ടമുണ്ടാക്കി.

സംഭവ ശേഷം ഇവര്‍ ഒളിവില്‍ പോയി. ഡിവൈഎസ്പി കെ സദന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുള്ളരിങ്ങാട് നിന്ന് പ്രതികളെ പിടികൂടിയത്. എസ്‌ഐ ഷാഹുല്‍ ഹമീദ്, എഎസ്‌ഐ ഷംസുദ്ദീന്‍, സിപിഒ ഗണേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Related Articles

Latest Articles