Thursday, April 25, 2024
spot_img

പിടിയിലാകുമെന്ന് പ്രതികൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല: ഷവർമ നിർമ്മിച്ചുകൊണ്ടിരുന്ന സഞ്ജിത്ത്‌ വധക്കേസിലെ പ്രതിയെ പോലീസ് പിടികൂടിയത് സിനിമയെ വെല്ലും വിധം

മുണ്ടക്കയം: ആർഎസ്എസ് പ്രാദേശിക നേതാവ് സഞ്ജിത്തിനെ ഭാര്യയുടെ മുൻപിൽവച്ചു വെട്ടികെ‍ാലപ്പെടുത്തിയ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം കേസിലെ പ്രതികളായവരെ ഒളിവിൽ പാർപ്പിച്ച ബേക്കറി ജീവനക്കാരനെ പൊലീസ് പൊക്കിയത് സിനിമാ കഥയെ വെല്ലുന്ന വിധത്തിലായിരുന്നു.

മുണ്ടക്കയത്തെ ടൗൺ ബേക്കറിയിലെ പ്രധാന ബ്രാഞ്ചിലെ ഷവർമ മേക്കറായിരുന്നു അറസ്റ്റിലായ സുബൈർ മുഹമ്മദ്. ശനിയാഴ്‌ച്ച വൈകുന്നേരമാണ് സുബൈറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഷവർമ വിതരണം ചെയ്യുന്ന തിരക്കിലായിരുന്നു സുബൈർ. ഈ സമയം കാറിൽ മഫ്തിയിലാണ് ഏതാനും പൊലീസുകാർ ബേക്കറിയിൽ നിലയുറപ്പിച്ചത്. പരിസരം നിരീക്ഷിച്ചു മഫ്തിയിലുള്ള പൊലീസുകാർ കാറിൽ നിൽക്കവേ മുണ്ടക്കയം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി.

തുടർന്ന് ഷവർമ ഉണ്ടാക്കി കൊണ്ടിരുന്ന സുബൈറിന്റെ അടുത്തെത്തിയ പോലീസ് അരികിൽ വരാൻ നിർദ്ദേശിച്ചു. അടുത്തെത്തിയപ്പോൾ കൈകൾ പിന്നിലാക്കി വിലങ്ങ് അണിയിക്കുകയായിരുന്നു. മാത്രമല്ല സുബൈർ ഒളിവിൽ പാർപ്പിച്ചിരുന്നവർ രക്ഷപെടാതിരിക്കാൻ വേണ്ടിയുള്ള മുൻകരുതൽ എന്ന നിലയിൽ ഞെട്ടലോടെ ഈ കാഴ്‌ച്ച കണ്ടു നിന്ന ബേക്കറിയിലെ മറ്റു ജീവനക്കാരോട് ഉടൻ തന്നെ മൊബൈൽ സ്വിച്ച്ഓഫ് ചെയ്യാനും പൊലീസ് നിർദ്ദേശിച്ചു.

അതേസമയം പൊലീസ് നിമിഷ നേരം കൊണ്ട് നടപടി പൂർത്തിയാക്കി മടങ്ങിയതോടെ ബേക്കറി ജീവനക്കാർ കരുതിയത് ചെറിയ കേസുകൾ വല്ലതുമാകുമെന്നാണ്. ബേക്കറിയിൽ ജോലി ചെയ്യുന്ന സുബൈറിനായി താമസിക്കാൻ ബേക്കറി ഉടമ കണ്ടെത്തിയ സ്ഥലത്തു നിന്നായിരുന്നു മറ്റ് രണ്ട് പേരെയും കസ്റ്റഡിയിൽ എടുത്തത്. എന്നാൽ അടുത്ത ദിവസം പത്രങ്ങളിലൂടെയാണ് കൊലപാതക കേസിലെ പ്രതികളെ ഒളിപ്പിച്ചതിനാണ് നടപടിയെന്ന് ബേക്കറി ഉടമയും മറ്റുള്ളവരും അറിയുന്നത്. കൂടാതെ സുബൈർ മുറിയിൽ മറ്റ് രണ്ട് പേരെ താമസിച്ച വിവരം ബേക്കറി ഉടമ അറിഞ്ഞിരുന്നില്ല.

സംഭവം പുറലോകം അറിഞ്ഞതോടെ ബേക്കറിയിലെ ജീവനക്കാർക്കും സമീപത്തെ വ്യാപാരികളും ഞെട്ടലിലാണ്. സൗമ്യനും ശാന്തനുമായ വ്യക്തിയായിരുന്നു സുബൈർ എന്നാണ് ഇവരുടെ വാദം. കഴിഞ്ഞ വലിയ പെരുന്നാളിനാണ് സുബൈർ മുഹമ്മദ് മുണ്ടക്കയത്തെ ടൗൺ ബേക്കറിയിൽ ജോലിക്കെത്തിയത് എന്നാണ് ബേക്കറി ജീവനക്കാർ പറയുന്നത്. ഷവർമ ഉണ്ടാക്കാൻ നല്ലതു പോലെ അറിയാമെന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. ജോലി നന്നായി ചെയ്യുന്നത് കണ്ടതോടെ ബേക്കറിയിൽ സ്ഥിരമായി നിന്നുകൊള്ളാൻ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ കൊല്ലത്തു നിന്നുമാണ് എത്തിയതെന്നും കാസർകോട്ടുകാരനാണ് എന്നുമാണ് ഇയാൾ പറഞ്ഞിരുന്നത്. മാത്രമല്ല ജോലിക്ക് കയറും മുമ്പ് തിരിച്ചറിയിൽ രേഖ വേണമെന്ന് ബേക്കറി ഉടമ ആവശ്യപ്പെട്ടെങ്കിലും ഇത് നൽകാതെ ഒഴിഞ്ഞു മാറുകയായിരുന്നു സുബൈർ, പിന്നീട് ഇക്കാര്യം എല്ലാവരും മറക്കുകയും ചെയ്തത് ഇയാൾക്ക് അനുകൂലമാകുകയായിരുന്നു.

Related Articles

Latest Articles