Thursday, May 9, 2024
spot_img

ഞാൻ മോദിയുടെ ഫാൻ; ഇന്ത്യയുടെ ഭാവി ആകാംക്ഷയോടെയാണ്‌ നോക്കികാണുന്നതെന്ന് ഇലോൺ മസ്ക് !

താൻ മോദിയുടെ ഫാനാണെന്ന് ടെസ്ല സിഇഒയും ട്വിറ്റർ ഉടമയുമായ ഇലോൺ മസ്‌ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയുടെ ഭാവി താൻ ആകാംക്ഷയോടെയാണ്‌ നോക്കിക്കാണുന്നത്. മറ്റുള്ള വൻരാജ്യങ്ങളെക്കാളും കൂടുതൽ പ്രതീക്ഷ അർപ്പിക്കാവുന്ന രാജ്യമാണ് ഇന്ത്യയെന്നും തങ്ങളോട് ഇന്ത്യയിൽ നിക്ഷേപം നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടതായും മസ്‌ക് വ്യക്തമാക്കി. മോദി ഇന്ത്യയ്‌ക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. പുതിയകമ്പനികൾ ഇന്ത്യയിൽ ആരംഭിക്കാനും ഇന്ത്യയിലെ സാദ്ധ്യതകൾ ഉപയോഗിക്കാനും അദ്ദേഹം മികച്ച പിന്തുണ നൽകുന്നുണ്ട്. അടുത്തവർഷം ഇന്ത്യ സന്ദർശിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും ഇന്ത്യയിൽ സ്റ്റാർ ലിംഗിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനാണ് തങ്ങൾ ആഗ്രഹിക്കുന്നത്. ഇന്ത്യയിലെ ഗ്രാമങ്ങൾക്ക് സ്റ്റാർ ലിംഗ് ഉപയോഗ പ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മസ്‌ക് പറഞ്ഞു.

അതേസമയം, ത്രിദിന സന്ദർശനത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രിയ്‌ക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. ന്യൂയോർക്കിൽ വൻ ജനാവലിയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയത്. ഇന്ത്യൻ സമയം രാത്രി പത്തരയോടെയാണ് മോദി യുഎസിലെത്തിയത്. വിമാനത്താവളത്തിൽ നിന്നും ഹോട്ടലിലേക്കുള്ള യാത്രാ മദ്ധ്യേ നിരവധി ഇന്ത്യക്കാരാണ് മോദിയെ കാണാൻ വഴിയരികിൽ കാത്ത് നിന്നത്. ഹോട്ടൽ ലോട്ടെയിൽ എത്തിയ പ്രധാനമന്ത്രിക്ക് ഇന്ത്യക്കാർ ഉജ്ജ്വല സ്വീകരണവും നൽകി. ഭാരത് മാതാ കി ജയ് എന്ന വിളികളോടെയായിരുന്നു പ്രധാനമന്ത്രിയെ ഇന്ത്യക്കാർ വരവേറ്റത്. പ്രധാനമന്ത്രിയെ കണ്ട് ആവേശഭരിതരായ അവർ കയ്യടിക്കുകയും ത്രിവർണ പതാക വീശുകയും ചെയ്തു. അതേസമയം, ഏവരെയും അഭിവാദ്യം ചെയ്ത ശേഷം ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി വിശ്രമിക്കാൻ പോയത്.

അതേസമയം, യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രത്യേക ക്ഷണപ്രകാരമെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ജൂൺ 23 വരെ അമേരിക്കയിൽ തുടരും. ന്യൂയോർക്കിലെ ഐക്യരാഷ്‌ട്രസഭാ ആസ്ഥാനത്ത് അന്താരാഷ്‌ട്ര യോഗാ ദിനവുമായി ബന്ധപ്പെട്ട പ്രത്യേക ആഘോഷങ്ങളിൽ പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും. 180 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. തുടർന്ന് വാഷിങ്ടണിൽ വച്ച് യുഎസ് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഏഴായിരത്തിലധികം ഇന്ത്യൻ-അമേരിക്കൻ പൗരന്മാരുടെ സാന്നിദ്ധ്യത്തിൽ ഗൺ സല്യൂട്ട് നൽകിയായിരിക്കും മോദിയെ വൈറ്റ് ഹൗസിലേക്ക് സ്വീകരിക്കുക. ആണവ-പ്രതിരോധ-സാമ്പത്തിക കരാറുകൾ സംബന്ധിച്ച് ഇരുരാഷ്‌ട്രത്തലവൻമാരും തമ്മിൽ ചർച്ച നടക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

Related Articles

Latest Articles