Friday, May 17, 2024
spot_img

രാഹുലിന് കേരളത്തിൽ മത്സരിക്കാമെങ്കിൽ മോദിക്ക് മത്സരിച്ചു കൂടെ ?

മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു വിജയത്തോടെ ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്ക് എതിരാളികൾ ഇല്ലെന്ന പൊതുവികാരമാണ് ഉണ്ടാകുന്നത്. മോദി സർക്കാർ തന്നെയാകും വീണ്ടും അധികാരത്തിൽ വരിക എന്നതാണ് ദേശീയ രാഷ്ട്രീയം നിരീക്ഷിക്കുന്നവർ ആവർത്തിക്കുന്ന കാര്യം. ഇതോടെ, കേരളത്തിൽ നിന്നടക്കം ലോക്‌സഭാ സീറ്റുകൾ നേടാൻ തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങിയിരിക്കുകയാണ് ബിജെപി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിയിൽ കേരളത്തിലെത്തുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. ജനുവരി ആദ്യവാരം നടക്കുന്ന NDAയുടെ പരിപാടിയിൽ പങ്കെടുക്കാനായാണ് നരേന്ദ്രമോദി എത്തുന്നത്. അദ്ദേഹത്തിന് പുറമെ ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയാധ്യക്ഷൻ ജെ.പി. നദ്ദയും NDAയുടെ വിവിധ പ്രചാരണ പരിപാടികൾക്കായി കേരളത്തിലെത്തും. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. കാരണം, ഇത്തരത്തിലൊരു സംശയം ഉയരാൻ കാരണം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രസ്താവനയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് മത്സരിക്കുന്ന കാര്യം തള്ളിക്കളയാൻ സാധിക്കില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറയുന്നത്. രാജ്യത്തെ ഏത് മുക്കിലും മൂലയിലും മത്സരിച്ചാലും മോദി വിജയിക്കും. എന്നാൽ, മത്സരിക്കുന്ന കാര്യത്തിൽ അന്തിമതീരുമാനം എടുക്കുന്നത് കേന്ദ്ര നേതൃത്വമാണ്. രാഹുൽ ഗാന്ധിക്ക് ഇവിടെ വന്ന് മത്സരിക്കാമെങ്കിൽ നരേന്ദ്രമോദിക്ക് വന്ന് മത്സരിച്ചു കൂടേയെന്നും കെ.സുരേന്ദ്രൻ ചോദിച്ചു. അതേസമയം, നിലവിൽ ശശി തരൂരാണ് തിരുവനന്തപുരം എംപി. ബിജെപി ഇക്കുറി കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കാനാണ് ആലോചിക്കുന്നതെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന കാര്യം തള്ളിക്കളയാൻ സാധിക്കില്ലെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, വയനാട്ടിൽ രാഹുൽ ഗാന്ധിയ്‌ക്കെതിരെ ബിജെപി സ്ഥാനാർത്ഥിയെ നിർത്തുന്ന കാര്യം ആലോചനയിലുണ്ടെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ഡൽഹിയിൽ പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കെ.സുരന്ദ്രന്റെ പ്രതികരണം. എന്തായാലും, കേരളത്തിൽ നിന്നടക്കം ലോക്സഭാ സീറ്റുകൾ നേടാൻ ബിജെപി തന്ത്രങ്ങൽ മെനഞ്ഞു തുടങ്ങിയിട്ടുണ്ട് എന്ന് തന്നെയാണ് കെ.സുരേന്ദ്രന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ക്രൈസ്തവ വോട്ടുകളിൽ അടക്കം കണ്ണുവച്ചാണ് ബിജെപിയുടെ നീക്കങ്ങളെന്നും സൂചനയുണ്ട്.

Related Articles

Latest Articles