Thursday, May 2, 2024
spot_img

അനിയന്ത്രിത തിരക്ക്, ശബരിമലയിലെ ദർശന സമയം ഒരു മണിക്കൂർ കൂട്ടി, 3 മുതൽ 11 മണി വരെയാകും ഇനി അയ്യപ്പ ദർശനം, ഇക്കാര്യം തന്ത്രി ബോർഡിനെ അറിയിക്കും

പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് അനിയന്ത്രിതമായി വർദ്ധിച്ചതോടെ ദര്‍ശന സമയം ഒരു മണിക്കൂർ അധികമായി നീട്ടി. നിലവില്‍ വൈകിട്ട് നാല് മണി മുതല്‍ 11 മണി വരെയാണ് ദര്‍ശന സമയം. ഇത് 3 മണി മുതല്‍ 11 മണി വരെയാക്കും. ഇക്കാര്യം തന്ത്രി ബോര്‍ഡിനെ അറിയിക്കും. തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ബോര്‍ഡ് ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും.

ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. തിരക്ക് കണക്കിലെടുത്ത് ദര്‍ശന സമയം രണ്ട് മണിക്കൂർ കൂട്ടാനാകുമോ എന്ന് തന്ത്രിയോട് ചോദിച്ചറിയിക്കാനും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. പിന്നാലെയാണ് ദര്‍ശന സമയം കൂട്ടാനുള്ള നീക്കം.

അവധി ദിവസമായതിനാൽ രണ്ട് ദിവസമായി ശബരിമലയില്‍ ഭക്തരുടെ ഒഴുക്കാണ്. 18 മണിക്കൂറോളം ക്യൂ നീണ്ടിരുന്നു. വെള്ളിയാഴ്ച പമ്പയിൽ എത്തിയവര്‍ക്ക് ശനിയാഴ്ചയാണ് ദര്‍ശനം ലഭിച്ചത്. തിരക്ക് നിയന്ത്രിക്കുന്നതില്‍ പൊലിസിൻ്റെ ഭാഗത്ത് നിന്ന് അനാസ്ഥ ഉണ്ടായിട്ടുണ്ടെന്ന് ആരോപണമുയരുന്നുണ്ട്. ദേവസ്വം ബോര്‍ഡ് ഇക്കാര്യം സര്‍ക്കാരിനെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച 70,000 പേരും തിങ്കളാഴ്ച 90,000 പേരുമാണ് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് ബുക്ക് ചെയ്തിട്ടുള്ളത്.

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കാൻ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഇന്നലെ പൊലിസിന് നിർദ്ദേശം നൽകി. ദർശനത്തിന് ക്യൂ നിൽക്കുന്നവരെ വേഗത്തിൽ കയറ്റിവിടാൻ പൊലിസിനും ദേവസ്വം അധികൃതർക്കും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ഭക്തജനങ്ങളെ കയറ്റുന്നതിൻ്റെ മേൽനോട്ടം ഏറ്റെടുത്ത് ഐജി സ്പർജൻ കുമാർ സന്നിധാനത്തെത്തി. ദർശനം പൂർത്തിയാക്കിയവരെ വേഗം മടക്കി അയക്കാനും നടപടിയെടുത്തിട്ടുണ്ട്.

Related Articles

Latest Articles