കൊച്ചി: മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ജി ലക്ഷ്മണയ്ക്ക് ഇന്ന് രാവിലെ 11 മണിക്ക് ഹാജരാകാൻ ആയിരുന്നു ഇ ഡി നോട്ടീസ് നൽകിയിരുന്നത്. എന്നാൽ ഇന്നും അദ്ദേഹം ഹാജരാകാൻ സാധ്യതയില്ലെന്നാണ് സൂചന. കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനായിരുന്നു ഇ ഡി നിർദ്ദേശം നൽകിയത്. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായതിനാല്‍ എത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് ലക്ഷ്മണ ഫോണിലൂടെ അറിയിച്ചതായും വിവരമുണ്ട്. ക്രൈംബ്രാഞ്ച് രണ്ടു തവണ നോട്ടീസ് നല്‍കിയിട്ടും ഐ ജി ലക്ഷ്മണ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.
പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാടാണ് ഇഡി അന്വേഷിക്കുന്നത്. ആന്ധ്ര സ്വദേശികളുമായുള്ള മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുമായി ഐജി ലക്ഷ്മണനും ബന്ധമുണ്ടെന്നാണ് ഇഡിയുടെ സംശയം. വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ ഐജി ലക്ഷ്മണയ്ക്കു പുറമേ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, മുൻ ഡിഐജി എസ് സുരേന്ദ്രൻ എന്നിവരെയും ഇഡി ചോദ്യം ചെയ്യും. ഈ മാസം 16 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് എസ് സുരേന്ദ്രന് നോട്ടീസ് നൽകിയിട്ടുള്ളത്.

