Thursday, October 1, 2026

നഗരത്തില്‍ കെഎസ്ആര്‍ടിസി യുടെ മിന്നല്‍ സമരവും പിന്‍വലിക്കല്‍ നാടകവും; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക നാല് മണിക്കൂറിനുശേഷം പിന്‍വലിച്ചു. അറസ്റ്റ് ചെയ്ത ജീവനക്കാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടും എന്ന ഉറപ്പ് ലഭിച്ചതോടെയാണ് സമരം പിന്‍വലിക്കാന്‍ യൂണിയന്‍ നേതാക്കള്‍ തീരുമാനിച്ചത്.

നഗര, ദീര്‍ഘദൂര സര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെ നാല് മണിക്കൂറിലേറെ നേരമാണ് തലസ്ഥാന നഗരം നിശ്ചലമായത്. സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് ജീവനക്കാര്‍ അറിയിച്ചു. എന്നാല്‍, സമരത്തിനെതിരെ തെരുവിലിറങ്ങിയ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

രോഗികളടക്കമുള്ള നൂറുകണക്കിനാളുകളാണ് അപ്രതീക്ഷിതമായ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് നടുറോഡില്‍ കുടുങ്ങിയത്. അക്ഷമരായ യാത്രക്കാര്‍ തമ്പാനൂരില്‍ റോഡ് ഉപരോധിച്ചു. കിഴക്കേക്കോട്ട ഡിപ്പോക്ക് സമീപത്തെ റോഡില്‍ യാത്രക്കാരും കുത്തിയിരുന്ന് പ്രതിഷേധിച്ചു. മറ്റ് വാഹനങ്ങളും യാത്രക്കാര്‍ തടഞ്ഞു.

കെഎസ്ആര്‍ടിസി സമരം പിന്‍വലിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. കെഎസ്ആര്‍ടിസി ബസുകള്‍ ആദ്യം സര്‍വീസ് നടത്തിയിട്ട് മറ്റ് വാഹനങ്ങള്‍ പോയാല്‍ മതി എന്ന നിലപാടിലാണ് യാത്രക്കാര്‍.

എറ്റിഒ ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കിയത്. ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് സ്വകാര്യ ബസ് സൗജന്യമായി സമാന്തര സര്‍വ്വീസ് നടത്തിയത് ചോദ്യം ചെയ്ത സിറ്റി ഡിടിഒയെ അകാരണമായി പൊലീസ് അറസ്റ്റ് ചെയ്തെന്നായിരുന്നു ജീവനക്കാരുടെ ആരോപണം.

എറ്റിഒ സാം ലോപ്പസ്, ഡ്രൈവര്‍ സുരേഷ്, ഇന്‍സ്പെക്ടര്‍ രാജേന്ദ്രന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യം സിറ്റി സര്‍വ്വീസുകളാണ് നിര്‍ത്തിവെച്ചതെങ്കിലും പിന്നീട് തമ്പാനൂരില്‍ നിന്നുള്ള ദീര്‍ഘദൂര സര്‍വ്വീസുകളും തടയുകയായിരുന്നു.

Related Articles

Latest Articles