ഇലന്തൂർ: കേരളത്തെ ഞെട്ടിച്ച ക്രൂരമായ കൊലപാതകം ചെയ്ത കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. മുഖ്യപ്രതി മുഹമ്മദ് ഷാഫി അടക്കമുള്ള മൂന്നുപ്രതികളുടെ കസ്റ്റഡി അപേക്ഷയാണ് ഇന്ന് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കുക.
പ്രതികളെ രാവിലെ കോടതിയിൽ ഹാജരാക്കാൻ മജിസ്ട്രേറ്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് കൊച്ചിയിലും പരിസരത്തും തെളിവെടുപ്പ് നടത്തുന്നതിനാണ് ആലോചിക്കുന്നതെന്നു പോലീസ് പറയുന്നു.
ഒന്നാം പ്രതി മുഹമ്മദ് ഷാഫി, രണ്ടാംപ്രതി ഭഗവൽ സിംഗ്, മൂന്നാം പ്രതി ലൈല എന്നിവരെ ചോദ്യം ചെയ്യലിലും തെളിവെടുപ്പിനുമായി 12 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പോലീസിന്റെ ആവശ്യം. രണ്ട് ജില്ലകളിലായി നടന്ന ക്രൂരമായ കൊലപാതകങ്ങളിൽ കൂടുതൽ ശാസ്ത്രീയ തെളിവ് ശേഖരിക്കേണ്ടതുണ്ട്. പ്രതികൾ സമാന രീതിയിൽ മറ്റാരെയെങ്കിലും കൊന്നിട്ടുണ്ടോയെന്നുള്ള പരിശോധന നടത്തണമെന്നും പോലീസ് കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട സ്ത്രീകളുടെ ആഭരങ്ങൾ പണയപ്പെടുത്തിയെന്ന് വ്യക്തമായിട്ടുണ്ട്. ഇവ കണ്ടെടുക്കുന്നത് അടക്കമുള്ള നടപടികൾ ഇന്നുണ്ടായേക്കും.

