Tuesday, April 30, 2024
spot_img

കേരള യൂണിവേഴ്സിറ്റിയിൽ നിയമവിരുദ്ധ രാഷ്ട്രീയ പ്രചാരണ പരിപാടി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ബിജെപി

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്റെ നിയമവിരുദ്ധ രാഷ്ട്രീയ പ്രചാരണ പരിപാടിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ബിജെപി . ഇന്ന് ഉച്ചയ്ക്ക് 1.15 ന് കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

യൂണിവേഴ്സിറ്റി ജീവനക്കാരുടെ ഇടതുപക്ഷ യൂണിയനുകളുമായി ബന്ധമുള്ള സംഘടനയായ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്റെ
പ്രതിമാസ പ്രഭാഷണ പരമ്പരയുടെ മറവിലാണ് രാഷ്ട്രീയ പ്രചരണ പരിപാടി നടത്തുന്നത്. സിപിഐ (എം) നെ പ്രതിനിധീകരിക്കുന്ന രാജ്യസഭ എംപി ജോൺ ബ്രിട്ടാസ് ആണ് മുഖ്യപ്രഭാഷകൻ. സംഘാടകരും പങ്കെടുക്കുന്നവരിൽ ഭൂരിഭാഗവും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ പോളിംഗ് സ്റ്റേഷനുകളിലെ പ്രിസൈഡിംഗ് ഓഫീസർമാരായും മറ്റ് ബൂത്ത് ഓഫീസർമാരായും ചുമതലകളിൽ നിയോഗിക്കപ്പെട്ട യൂണിവേഴ്സിറ്റി ജീവനക്കാരാണ്. ഈ ഉദ്യോഗസ്ഥരെ രാഷ്ട്രീയമായി സ്വാധീനിക്കാനും അതുവഴി തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുഗമമായ പ്രവർത്തനം തടസ്സപ്പെടുത്താനും സാധ്യതയുള്ളതിനാൽ പരിപാടി ഉടൻ നിർത്തിവയ്ക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് ബിജെപി നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. പരിപാടിയുടെ പ്രത്യേക അജണ്ടയും രാഷ്ട്രീയ ലക്ഷ്യവും വ്യക്തമാക്കുന്ന പോസ്റ്റർ ഉൾപ്പെടെ നൽകിയാണ് ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് പരാതിനൽകിയത്.

Related Articles

Latest Articles