Tuesday, April 30, 2024
spot_img

മാസപ്പടി കേസ്; സിഎംആർഎൽ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിൽ ഇഡി സംഘം; ചോദ്യം ചെയ്യൽ തുടരുന്നു

കൊച്ചി : മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരന്‍ കര്‍ത്തയെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്യുന്നു. ആലുവയിലെ വീട്ടിൽ നേരിട്ടെത്തിയാണ് ഇ ഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത്. സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്ന വേളയിൽ തന്നെ കർത്തയെ ചോദ്യം ചെയ്യാൻ ഇ ഡി നേരത്തെ നോട്ടീസ് നൽകിയിരുന്നുവെങ്കിലും കർത്ത ഇ ഡിക്ക് മുമ്പിൽ ഹാജരായില്ല. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കർത്ത ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയായിരുന്നു. യാത്ര ചെയ്യാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ രേഖകളും ഹാജരാക്കിയിരുന്നു.

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. സിഎംആർഎൽ -എക്സാലോജിക് സാമ്പത്തിക ഇടപാട് രേഖകൾ ഉദ്യോഗസ്ഥരിൽ നിന്നും ഇഡി തേടിയിരുന്നു. എന്നാൽ ആദായ നികുതി വകുപ്പ് പരിശോധിക്കുകയും. 2023 ൽ തീർപ്പാക്കുകയും ചെയ്തതാണെന്നും അറിയിച്ചിരുന്നു. രേഖകൾ ലഭിക്കാതായതോടെയാണ് ഇഡി കർത്തയെ നേരിട്ടെത്തി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.

Related Articles

Latest Articles