Saturday, May 4, 2024
spot_img

‘ചരക പ്രതിജ്ഞ ആധുനിക വൈദ്യശാസ്ത്രത്തിന് ചേര്‍ന്നതല്ല’; ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിര്‍ദേശത്തിനെതിരെ ഐ.എം.എ

തിരുവനന്തപുരം: ഹിപ്പോക്രാറ്റിക് പ്രതിജ്ഞയ്ക്ക് പകരം ‘ചരക പ്രതിജ്ഞ’ ചൊല്ലണമെന്ന ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിര്‍ദേശത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് രൂപം നല്‍കിയ പ്രതിജ്ഞ 1948-ല്‍ ലോകാരോഗ്യ സംഘടനപരിഷ്‌കരിക്കുകയും ആഗോളതലത്തില്‍ ഉപയോഗിക്കാന്‍ തുടങ്ങിയതുമാണ്. അതു മാറ്റി പകരം ചരക പ്രതിജ്ഞ കൊണ്ടുവരുന്നത് ആധുനിക വൈദ്യശാസ്ത്രത്തിന് യോജിച്ചതല്ലെന്ന് ഐ.എം.എ പറഞ്ഞു.

മാത്രമല്ല ഹിപ്പോക്രാറ്റസ് പ്രതിജ്ഞ കാലാനുസൃതമായി പരിഷ്‌കരിച്ചതാണെന്നും 2017ലെ പതിപ്പാണ് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും. ചരക പ്രതിജ്ഞ ആധുനിക വൈദ്യശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ രൂപം നല്‍കിയതല്ലെന്നും പ്രസ്താവനയില്‍ ഐ.എം.എ പറയുന്നു. സ്ത്രീ രോഗികളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് വിഘാതമുണ്ടാക്കുന്നതും അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്നതും ശാസ്ത്രീയതയ്ക്ക് അനുയോജ്യമല്ലാത്തതുമായ പല കാര്യങ്ങളും ചരക പ്രതിജ്ഞയില്‍ ഉള്‍പ്പെടുന്നുവെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

അതേസമയം ഈ പ്രതിജ്ഞ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ആഗോള കൂട്ടായ്മയില്‍ നിന്ന് നമ്മെ ഒറ്റപ്പെടുത്തുന്നതിനും ആധുനിക ചികിത്സാ മേഖലയെ തന്നെ പിന്നോട്ടടിക്കുന്നതിനും ഇടയാക്കുമെന്ന് ഭയപ്പെടുന്നതായും ഐ.എം.എയുടെ പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

എന്നാൽ തെറ്റായ നിലപാടുകള്‍ തിരുത്താന്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളുണ്ടാകണമെന്നും ഡോക്ടര്‍മാരുടെ സംഘടനയുടെ കേരള ഘടകം ആവശ്യപ്പെട്ടു.

Related Articles

Latest Articles