Thursday, May 9, 2024
spot_img

അയോദ്ധ്യയിലെ തർക്ക ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തീരുമാനമാകുന്നതുവരെ തത്സ്ഥിതി തുടരാന്‍ 1994ൽ സുപ്രീംകോടതി ഉത്തരവിട്ടു

മിലൻ കാ ഇതിഹാസ്, പരമ്പര – 28
വിഎച്ച്പി, ബിയാന്ത് സിങ്, മുംബൈ, ഹിന്ദുത്വം, പുരുലിയ – 1995
സി. പി. കുട്ടനാടൻ

ബഹുമാനപ്പെട്ട തത്വമയി ന്യൂസ് വായനക്കാർക്ക് നമസ്കാരം. കഴിഞ്ഞ ലക്കത്തിലെ വിമാനകഥകൾക്ക് ശേഷം നമുക്ക് ഇനി 1994ലേയ്ക്ക് തന്നെ മടങ്ങിയെത്താം.

അയോദ്ധ്യയിലെ തർക്ക ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തീരുമാനമാകുന്നതുവരെ തത്സ്ഥിതി തുടരാന്‍ 1994ൽ സുപ്രീംകോടതി ഉത്തരവിട്ടു. ശേഷം നിരവധി കോടതി വ്യവഹാരങ്ങളും രാഷ്ട്രീയ വ്യവഹാരങ്ങളും ഇതിൻ്റെ പേരിൽ കാലാകാലങ്ങളിൽ നടന്നു വന്നു. ഇനി വരുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഇത് രാഷ്ട്രീയ മുദ്രാവാക്യമായി മാറി. കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി അനുകൂലമായും എതിരായും അയോദ്ധ്യ ഉപയോഗിയ്ക്കപ്പെട്ടു പോന്നു. ഇതേ സമയം ഇന്ത്യയിലെമ്പാടും ഒച്ചപ്പാടുണ്ടാക്കുവാൻ പോന്ന മറ്റൊരു സംഭവം കാത്തിരിപ്പുണ്ടായിരുന്നു. അതായിരുന്നു ഐഎസ്ആർഒ ചാരക്കേസ്.

1994 ഒക്ടോബർ 20ന് ചാരപ്രവർ‌ത്തനം സംശയിച്ചു മാലദ്വീപ് വനിത മറിയം റഷീദയെ കേരളത്തിലെ തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്തതോടെ അക്കാലത്ത് ഏറ്റവും ഒച്ചപ്പാടുണ്ടാക്കിയ ‘മറിയം റഷീദ കേസ്’ എന്ന ഐഎസ്ആർഒ ചാരക്കേസ് ദേശീയ തലത്തിൽ ജനസംസാരമായി മാറി. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പിനാരായണനും ചേർന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങൾ വിദേശികൾക്ക് ചോർത്തി നൽകി എന്നതായിരുന്നു ഈ കേസിൻ്റെ കാതൽ. ഇന്ത്യയുടെ ക്രയോജനിക് എന്‍ജിൻ്റെ വികസനം തടസപ്പെടുത്തുവാനായി അമേരിക്ക നടത്തിയ ഗൂഢാലോചനയാണ് ഈ സംഭവത്തിന് പിന്നിൽ എന്ന് പിൽക്കാലത്ത് പൊതുജനം മനസിലാക്കി. അതിന് പിന്നിൽ രാഷ്ട്രീയക്കാരും പോലീസും മറ്റുമൊക്കെ അണിനിരന്നപ്പോൾ മലയാള മനോരമ പോലെയുള്ള പത്രങ്ങൾ വായിൽ തോന്നിയതൊക്കെ തങ്ങളുടെ പത്രക്കടലാസിൽ അടിച്ചുവിട്ടു. ഈ സംഭവത്തിൽ ഇരയാക്കപ്പെട്ട ശ്രീ. നമ്പി നാരായണൻ സാറിന് പിൽക്കാലത്ത് ശാപമോക്ഷം ലഭിച്ചു.

ഇതിനിടെ വിശ്വഹിന്ദു പരിഷദിൻ്റെ നിരോധന കാലയളവ് അവസാനിയ്ക്കാറായി. പക്ഷെ മുസ്ലീങ്ങളെ കോൺഗ്രസിലേക്ക് തിരികെ കൊണ്ടുവരേണ്ടതിൻ്റെ രാഷ്ട്രീയ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് 1995 ജനുവരി 14ന് വിശ്വഹിന്ദു പരിഷദിനെ വീണ്ടും നിരോധിച്ചുകൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിട്ടു. തുടർന്ന് വിഎച്ച്പി നേതൃത്വം സുപ്രീം കോടതി ട്രൈബ്യൂണലിനെ സമീപിച്ച് അപ്പീൽ നൽകി. തുടർന്ന് അപ്പീൽ അനുവദിച്ച ട്രൈബ്യുണൽ കേന്ദ്രസർക്കാർ നടപടി 2 ആഴ്ചയിലേയ്ക്ക് തടഞ്ഞു. നിരോധനം തുടരുന്നതിന് ന്യായമായ കാരണങ്ങൾ കാണിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ട്രൈബ്യൂണൽ പറഞ്ഞു. ഇതോടെ ജനവികാരം ശക്തമായി. ഒടുവിൽ വിഎച്ച്പിയുടെ നിരോധനം പരിപൂർണമായി നീക്കപ്പെട്ടു. ഇതേ കാലഘട്ടത്തിൽ സിഖ് ഭീകരവാദത്തിൻ്റെ അടുത്ത ഇരയാകാൻ വിധിയ്ക്കപ്പെട്ട ഒരു മുഖ്യമന്ത്രിയുടെ ദുർഗതിയും ഇന്ത്യ കണ്ടു. അതായിരുന്നു മുഖ്യമന്ത്രി ബിയാന്ത് സിങ് വധം.

1995 ഓഗസ്റ്റ് 31ന് സിഖ് ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇൻ്റർനാഷണലിൻ്റെ ചാവേറായ ദിലാവർ സിംഗ്, ചണ്ഡീഗഢിലെ സെക്രട്ടേറിയറ്റ് സമുച്ചയത്തിൽ കാർ ഉപയോഗിച്ച് നടത്തിയ ബോംബ് സ്‌ഫോടനത്തിൽ കോൺഗ്രസുകാരനായ പഞ്ചാബ് മുഖ്യമന്ത്രി ശ്രീമാൻ. ബിയാന്ത് സിങ്ങും അദ്ദേഹത്തിൻ്റെ അംഗരക്ഷകരും മറ്റുള്ളവരുമെല്ലാം ചേർന്ന് 17 മനുഷ്യ ജീവനുകൾ പരലോക പ്രാപ്തരായി. ഒരു മുഖ്യമന്ത്രി ഈ രീതിയിൽ കൊല്ലപ്പെട്ടിട്ട് അതിലെ പ്രതികൾക്കും വധശിക്ഷ നൽകാൻ നമുക്ക് സാധിച്ചില്ല. ബിയാന്ത്സിങ്ങിനും നീതി കിട്ടിയില്ല. ഇപ്പോഴും അതിലെ പ്രതികൾ ഇന്ത്യൻ ജയിലുകളിലുണ്ട്. ഇത് സിഖ് വിരുദ്ധ കലാപത്തിനുള്ള തിരിച്ചടികളിലൊന്നായി ഇപ്പോഴും അറിയപ്പെടുന്നു.

അങ്ങനെയിരിയ്‌ക്കെ മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നു. 1995ൽ ബിജെപി – ശിവസേന സഖ്യം ആദ്യമായി മഹാരാഷ്ട്രയിൽ അധികാരത്തിലേറി. 73 സീറ്റുകൾ നേടിയ ശിവസേനയുടെ മുഖ്യമന്ത്രിയായി മനോഹർ ഗജാനൻ ജോഷി അധികാരമേറ്റു. ശിവസേനയുടെ തിരഞ്ഞെടുപ്പ് വാഗ്‌ദാനമായിരുന്നു വിദേശികൾ നൽകിയ ബോംബെ എന്ന പേരുമാറ്റി ഹിന്ദു ദേവതയായ മുംബാദേവിയുടെ പേരിൽ അറിയപ്പെടുന്ന മുംബൈയാക്കി എന്ന പഴയ നാമത്തിലേയ്ക്ക് മഹാരാഷ്ട്രയുടെ തലസ്ഥാനത്തെ മടക്കി കൊണ്ടുപോവുക എന്നത്. അങ്ങനെ 1995 നവംബറിൽ ബോംബെ എന്ന പേര് മാറ്റി മുംബൈ എന്ന് അറിയപ്പെടാൻ തുടങ്ങി ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം. മഹാരാഷ്ട്ര ഭരണം ഇങ്ങനെ മുമ്പോട്ടു പോകുമ്പോഴായിരുന്നു. പഴയ തിരഞ്ഞെടുപ്പ് കേസിലെ വിധി വന്നത്. അതൊരു ഗംഭീര വിധിയായിരുന്നു.

മുമ്പ് നടന്ന തിരഞ്ഞെടുപ്പ് കേസിലെ മുംബൈ ഹൈക്കോടതിയുടെ വിധിയ്ക്കെതിരായ മുരളി മനോഹർ ജോഷിയുടെ അപ്പീലിൽ വിശദമായ വാദങ്ങൾക്കൊടുവിൽ ഇന്ത്യൻ സുപ്രീം കോടതി 1995 ഡിസംബര്‍ 11ന് കൃത്യമായൊരു വിധിപ്രസ്താവം നടത്തി. അത് ഇപ്രകാരമായിരുന്നു., “ഹിന്ദുത്വം” എന്ന പദം തന്നെ ഹിന്ദു മതത്തെ അർത്ഥമാക്കുന്നതല്ല. അതിൻ്റെ സന്ദർഭവും ഉപയോഗ രീതിയുമാണ് വാക്കിൻ്റെ അർത്ഥം നിർണ്ണയിക്കാൻ ഘടകമായത്. ഒരു പ്രത്യേക വാചകത്തിൽ “ഹിന്ദുത്വം” എന്ന വാക്ക് സ്ഥിരമായി ഹിന്ദു മതത്തെ അർത്ഥമാക്കുന്നു എന്ന് കരുതാനാവില്ല. തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ് നടത്തിയ പ്രസംഗത്തിൻ്റെ സന്ദർഭത്തെ വിലയിരുത്തിയാൽ മാത്രമേ രാഷ്ട്രീയ പാർട്ടിയുടെ രാഷ്ട്രീയ തത്വം എന്ന് വിളിക്കപ്പെടുന്നവ പ്രസക്തമാകൂ. ഹിന്ദു, ഹിന്ദുത്വ, ഹിന്ദുയിസം എന്നീ പദങ്ങള്‍ക്ക് സംക്ഷിപ്തമായ അര്‍ത്ഥം നല്‍കാനാകില്ല. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജനങ്ങളുടെ ജീവിത രീതിയാണ് ഹിന്ദുത്വം. അതിനാൽ മുരളി മനോഹർ ജോഷിയ്ക്കെതിരായ ആരോപണം നിലനിൽക്കില്ല. ഈ പ്രസംഗങ്ങൾ ജനപ്രാധിനിത്യ നിയമത്തിൻ്റെ ലംഘനമല്ല. (ഈ വിധി പുനഃപരിശോധിയ്ക്കണം എന്ന ആവശ്യവുമായി ടീസ്ത സെദൽവാദ് സുപ്രീം കോടതിയെ 2016ൽ സമീപിച്ചു. പക്ഷെ അവരുടെ ആവശ്യം സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് 2016 ഒക്ടോബറിൽ തള്ളി)

സുപ്രീം കോടതി ഇങ്ങനെ വിധിയ്ക്കാനുള്ള പ്രധാന കാരണം നമ്മുടെ ഭരണഘടനയാണ്. അതിൽ ഹിന്ദു എന്ന് പറഞ്ഞിരിയ്ക്കുന്നത് നെഗറ്റിവ് നിർവചനത്തിലാണ്. അതായത്., ആരാണ് ഹിന്ദു എന്നല്ല, ആരൊക്കെയല്ല ഹിന്ദു എന്നാണ് പറഞ്ഞിരിയ്ക്കുന്നത്. എന്നുവച്ചാൽ പാഴ്‌സി, മുസ്ലിം, ക്രിസ്ത്യൻ, ജൂയിഷ് എന്നീ മതങ്ങളിൽ ഉൾപ്പെടാത്ത ഇന്ത്യക്കാരെ ഭരണഘടനയുടെ കണ്ണിൽ ഹിന്ദു എന്ന് വിളിയ്ക്കാം എന്നാണ് വ്യവസ്ഥ. ഭണഘടനയുടെ ഹിന്ദു എന്ന വിവക്ഷയിൽ സിഖുകാരും, ബുദ്ധന്മാരും, ജൈനന്മാരും ഉൾപ്പെടും. ഇന്ത്യയുടെ മണ്ണിലുണ്ടായ എല്ലാ മതങ്ങളും ഹിന്ദു എന്ന പരിപ്രേക്ഷ്യത്തിൽ വരും. ഇതാണ് ഈ വിധിയുടെ കാതൽ. ഇത് അന്നത്തെ കാലത്ത് സാമാന്യം നന്നായി ചർച്ച ചെയ്യപ്പെട്ട കോടതി വിധി ആയിരുന്നു. ഇതേ കാലയളവിൽ വളരെ ദുരുഹമായ ഒരു സംഭവം ഇന്ത്യയിൽ അരങ്ങേറി. അതായിരുന്നു പുരുലിയ ആയുധ വർഷം. വർഷം എന്നാൽ വർഷിയ്ക്കുക, പെയ്യുക എന്നുള്ള അർത്ഥത്തിലാണ്.

നരസിംഹറാവു നയിയ്ക്കുന്ന കേന്ദ്രസര്‍ക്കാരും ഇന്ത്യൻ ഇൻ്റലിജന്‍സ് ഏജന്‍സികളും ചേര്‍ന്ന് ബ്രിട്ടീഷ് – ഡച്ച് ഏജന്‍സികളുമായി ഗൂഢാലോചന നടത്തി ഇന്ത്യയിലെ ഒരു പ്രദേശത്ത് ആഭ്യന്തര കലാപത്തിനു ആയുധങ്ങള്‍ എത്തിച്ചു എന്ന് കേട്ടാൽ നിങ്ങൾ അവിശ്വസിക്കുമോ അതോ വിശ്വസിയ്ക്കുമോ. എന്തായാലും എനിയ്ക്ക് ഇതിനൊന്നിനും സാധിയ്ക്കുന്നില്ല. കാരണം അത്രയ്ക്ക് നിഗൂഢമാണ് പുരുലിയ ആയുധ വർഷ കേസ്. പശ്ചിമ ബംഗാളിലെ പുരുളിയ ജില്ലയിലെ ജല്‍ധ പോലീസ് സ്റ്റേഷന്‍ പരിധിയിൽപ്പെട്ട ഖതംഗ, ബെലാമു, മരാമു, ബറാദി, ബറൂദി എന്നീ ഗ്രാമങ്ങൾക്ക് മുകളിലേയ്ക് 1995 ഡിസംബര്‍ മാസം 17ന് രാത്രിയിൽ പറന്നെത്തിയ ആൻ്റണോവ് An-26 വിമാനത്തിൽ നിന്നും കനമുള്ള തടിപ്പെട്ടികൾ താഴേയ്ക്ക് പതിച്ചുകൊണ്ടിരുന്നു. രാവിലെ തടിപ്പെട്ടികൾ കണ്ട ഗ്രാമീണര്‍ റഷ്യൻ ഭാഷയിലെ പദങ്ങൾ ആലേഖനം ചെയ്യപ്പെട്ട ആ പെട്ടികള്‍ പൊളിച്ചു നോക്കിയപ്പോൾ എ കെ 47 മുതല്‍ റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് ( RPG-7) വരെയുള്ള ആയുധങ്ങളാണ് കണ്ടെത്തിയത്. അവർ അത് വീടുകളിലേയ്ക്ക് കൊണ്ട് പോയി. വിവരമറിഞ്ഞു പോലീസെത്തുമ്പോഴെയ്ക്കും കുറെ ആയുധങ്ങള്‍ ഇപ്രകാരം മാറ്റപ്പെട്ടിരുന്നു. പശ്ചിമ ബംഗാൾ ഭരിയ്ക്കുന്നത് സിപിഎം നേതാവ് ജ്യോതിബസു ആയിരുന്നു. കേസ് കയ്യോടെ സിബിഐയ്ക്ക് കൊടുത്തു.

Antonov An-26 എന്ന ഈ റഷ്യൻ മിലിട്ടറി സപ്ലെ വിമാനം കറാച്ചിയില്‍ നിന്നും വാരണാസിയിലേയ്ക്ക് എത്തി, ശേഷം അവിടെ നിന്നും ഇന്ധനം നിറച്ചിട്ട് കല്‍ക്കട്ടയിലെയ്ക്ക് പോകുന്ന വഴിയാണ് ഈ പ്രവൃത്തി ചെയ്തത്. തുടർന്ന് ഇതേ വിമാനം മടക്കയാത്രയിൽ ഇന്ത്യയുടെ വ്യോമപരിധിയിലെത്തിയ 1995 ഡിസംബര്‍ 21ന് ബോംബെയിലെ സഹര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഇറക്കാന്‍ ഇന്ത്യയുടെ എയര്‍ ട്രാഫിക് കണ്ട്രോള്‍ വിഭാഗം ആവശ്യപ്പെട്ടു. അങ്ങനെ വിമാനം ഇന്ത്യയിൽ ലാൻഡ് ചെയ്തു. ലാത്വിയൻ പൗരന്മാരായിരുന്നു വിമാനത്തിലുണ്ടായിരുന്നവർ. അവർ 5 പേരുണ്ടായിരുന്നു. എല്ലാരും അറസ്റ്റിലായി. പശ്ചിമ ബംഗാളിലെ സിപിഎം സർക്കാരിനെ അധികാര ഭ്രഷ്ടരാക്കുവാനായി കോൺഗ്രസ്സ് സർക്കാർ ആസൂത്രണം ചെയ്ത സംഭവമാണ് ഇതെന്ന് പൊതുവെ പറയപ്പെടുന്നു. പക്ഷെ ഈ സംഭവം ഇപ്പോഴും ദുരൂഹമാണ്. ഇതിലെ വസ്തുതകൾക്കൊന്നും വ്യക്തതയില്ല. ഈ കേസ് ഇപ്പോഴും സിബിഐ അവസാനിപ്പിച്ചിട്ടില്ല എന്നാണ് അറിയുവാൻ കഴിയുന്നത്.

ഇതേ സമയം ഇന്ത്യയുടെ അടുത്ത പൊതു തിരഞ്ഞെടുപ്പ്., അതായത് 11ആം ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന കാലഘട്ടമായി. നരസിംഹറാവു ഭരണത്തിന്റെ ക്ളൈമാക്‌സിലേയ്ക്ക് ഇന്ത്യ യാത്ര ചെയ്യുകയാണ്. രാഷ്ട്രീയ പാർട്ടികളെല്ലാം അങ്കത്തിന് തയ്യാറെടുത്തു. പുട്ടിന് പീരപോലെ അഴിമതി ആരോപണങ്ങളും മറ്റും നടമാടി. 1996 ഏപ്രിൽ 27, മെയ് 2, മെയ് 7 എന്നിങ്ങനെ 3 ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനമിറക്കി. ഈ തിരഞ്ഞെടുപ്പിൻ്റെ വിശേഷങ്ങളുമായി അടുത്ത ലക്കത്തിൽ സന്ധിയ്ക്കാം. നമസ്തേ

തുടരും….

Related Articles

Latest Articles