Sunday, May 5, 2024
spot_img

ശ്യാമപ്രസാദിന്റെയും ദീൻദയാലിന്റെയും രാഷ്ട്ര സങ്കൽപ്പങ്ങളെ കർമ്മപഥത്തിലെത്തിച്ച ജനനേതാവ്, അഴിമതിരഹിത സത്ഭരണത്തിന്റെ മാതൃക അവതരിപ്പിച്ച പ്രധാനമന്ത്രി, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ഓർമ്മകളിൽ രാഷ്ട്രം

ഇന്ത്യൻ ദേശീയ രാഷ്‌ട്രീയത്തിലെ ധിഷണാശാലിയും വിദേശനയതന്ത്രത്തിന്റെ ഏറ്റവും മികച്ച വക്താവുമായ ദേശീയനേതാവിനെയാണ് രാജ്യം ഇന്ന് സ്മരിക്കുന്നത്. ഇന്ന് ഭാരതം വിശ്വവിശ്രുതിയിലേക്ക് നീങ്ങുന്നത് പ്രധാനമന്ത്രിയെന്ന അടൽ ബിഹാരി തീർത്ത അടിസ്ഥാന ശിലയിൽ നിന്നാണ്. ശ്യാമപ്രസാദ് മുഖർജിയും ദീൻദയാൽ ഉപാദ്ധ്യായയും നെയ്ത സ്വപ്നങ്ങളുടെ സാക്ഷത്ക്കാരമായി അദ്ദേഹം പുതിയ ഭാരതത്തിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചു.

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലൂടേയും ഭാരതീയ ജനസംഘത്തിലേയ്‌ക്കും പിന്നീട് ഭാരതീയ ജനതാ പാർട്ടിയുടെ അമരക്കാരനായും മാറിയ അടൽബിഹാരി വാജ്‌പേയി ജനിച്ചത് 1924 ഡിസംബർ 25നായിരുന്നു. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലാണ്. മൂന്ന് തവണ പ്രധാനമന്ത്രിയായ അടൽജിയിലൂടെ ഇന്ത്യ ലോകത്തിന് മുന്നിൽ ശക്തിയുടേയും സമചിത്തതയുടേയും സമാധാനത്തിന്റേയും സന്ദേശമാണ് നൽകിയത്.

ജവഹർലാൽ നെഹ്രുവിന് ശേഷം തുടർച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ ഇന്ത്യൻ നേതാവായിരുന്നു വാജ്‌പേയി. വാജ്‌പേയുടെ ഭരണത്തിൻ കീഴിൽ ലോകരാഷ്‌ട്രങ്ങൾക്കുമുന്നിൽ ശക്തമായ നയങ്ങളാണ് ഭാരതം മുന്നിൽ വെച്ചത്.

രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രചാരകനായിട്ടാണ് വാജ്പേയി സാമൂഹിക രംഗത്തേക്കിറങ്ങിയത്.1942-ൽ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിലൂടെ ദേശീയ പോരാട്ട വേദിയിലെത്തി. 1951-ൽ ഭാരതീയ ജന സംഘത്തിന്റെയും, 1977ൽ ജനതാ പാർട്ടിയുടേയും സ്ഥാപക നേതാക്കളിൽ ഒരാളായി മാറി. മൊറാർജി മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രി പദമലങ്കരിച്ച അദ്ദേഹം 1996 ൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാറിനെ അധികാരത്തിലെത്തിച്ച് പ്രധാനമന്ത്രി പദത്തിലേക്ക് ആദ്യമായി കയറി. 13 ദിവസം മാത്രം നീണ്ട ഭരണകാലയളവായിരുന്നുവെങ്കിലും ജനങ്ങൾ 1998 ൽ വീണ്ടും അധികാരത്തിലേറ്റി. കൂട്ടുകക്ഷി ഭരണത്തിന്റെ പോരായ്മകൾ ഏറ്റുവാങ്ങിയ 13 മാസത്തെ ഭരണത്തിൽ പക്ഷേ ഭാരതം ലോകത്തിന് മുന്നിൽ ശക്തമായ രാഷ്‌ട്രമാണെന്ന് തെളിയിച്ചു.

പൊഖ്റാനിലെ ആണവ പരീക്ഷണവും, കാർഗിൽ യുദ്ധത്തിലെ വിജയവും ചരിത്രം കുറിച്ചു. സമ്പന്ന രാഷ്‌ട്രങ്ങളുടെ ഉപരോധങ്ങളെ നയചാതുര്യം കൊണ്ട് അതിജീവിക്കാൻ അദ്ദേഹത്തിനായി. 1999 ൽ 303 സീറ്റുകളിൽ വിജയിച്ച് എൻഡിഎ വീണ്ടും അധികാര ത്തിലെത്തിയപ്പോഴും സർക്കാരിനെ നയിക്കാൻ ലോകരാഷ്‌ട്രങ്ങളുടെ മുഴുവൻ കുതന്ത്രങ്ങളും തിരിച്ചറിയാവുന്ന വാജ്‌പേയി തന്നെ പ്രധാനമന്ത്രിയാകാൻ രാജ്യം തന്നെ ഒറ്റക്കെട്ടായി നിന്നുവെന്നതും ചരിത്രം. രാജ്യത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നൽകിയ എ ബി വാജ്‌പേയിയെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌നം നൽകിയാണ് രാജ്യം ആദരിച്ചത്. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വച്ച് 2018 ഓഗസ്റ്റ് 16-ന് വൈകുന്നേരം 5.05നാണ് സമാനതകളില്ലാത്ത ജനനേതാവ് വിടപറഞ്ഞത്.

Related Articles

Latest Articles