Sunday, September 20, 2026

ത്രിവേണി സ്റ്റോറിൽ അതിക്രമിച്ച് കയറി ജീവനക്കാർക്കെതിരെ അസഭ്യവർഷം; തിരുവനന്തപുരത്ത് കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റിൽ

തിരുവനന്തപുരം: ത്രിവേണി സ്റ്റോർ സൂപ്പർമാർക്കറ്റിൽ അതിക്രമിച്ച് കയറി ജീവനക്കാരെ അസഭ്യം പറഞ്ഞ സംഭവത്തിൽ കോൺഗ്രസ് നേതാവ് തിരുവനന്തപുരത്ത് അറസ്റ്റിൽ.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗവും, വെള്ളനാട് സഹകരണ ബാങ്ക് പ്രസിഡന്റുമായ വെള്ളനാട് ശശിയാണ് അറസ്റ്റിലായത്. ജീവനക്കാരുടെ പരാതിയിലാണ് പോലീസ് ഈ നടപടി എടുത്തത്.

വെള്ളനാട് സഹകരണ ബാങ്കിന്റെ കീഴിലുള്ള കെട്ടിടത്തിലാണ് ത്രിവേണി സ്റ്റോർ പ്രവർത്തിക്കുന്നത്. കാലാവധി കഴിഞ്ഞതിനാൽ കെട്ടിടത്തിൽ നിന്നും ഒഴിയണമെന്ന് വെള്ളനാട് ശശി താക്കീത് നൽകിയിരുന്നു. എന്നാൽ കെട്ടിടം ഒഴിഞ്ഞില്ല. ഇതാണ് ശശിയെ പ്രകോപിതനാക്കിയത്.

തുടർന്ന് സ്റ്റോറിലേക്ക് അതിക്രമിച്ച് കയറിയ ശശി ജീവനക്കാരോട് ദേഷ്യപ്പെടുകയും, ത്രിവേണി സ്റ്റോർ ഷട്ടർ ഇട്ട് പൂട്ടുകയും ചെയ്തു. ജീവനക്കാർ വിവരം അറിയിച്ചതോടെ പ്രദേശത്ത് പോലീസ് ശശിയെ തടയാൻ ശ്രമിച്ചു.

എന്നാൽ ഇയാൾ ജീവനക്കാരോട് തട്ടിക്കയറുകയായിരുന്നു. തുടർന്ന് ബലം പ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയായിരുന്നു.

മുമ്പ് പഞ്ചായത്ത് സ്ഥാപിച്ച ശിലാഫലകം നശിപ്പിച്ചതിനും ശശിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പഞ്ചായത്ത് നിർമ്മിച്ച ആരോഗ്യകേന്ദ്രത്തിൽ സ്ഥാപിച്ചിരുന്ന ശിലാഫലകമാണ് ഇയാൾ ചുറ്റികയും ഉളിയും ഉപയോഗിച്ച് തകർത്തത്. ഫലകത്തിൽ തന്റെ പേര് വച്ചില്ലെന്ന് ആരോപിച്ചായിരുന്നു അന്ന് ഇയാളുടെ അതിക്രമം.

Related Articles

Latest Articles