Monday, May 6, 2024
spot_img

വന്ദേ… ഭാരത മാതരം…അഭിമാന മുഹൂർത്തങ്ങളുടെ.. റിപ്പബ്ലിക്ക്

ദില്ലി: രാജ്യം ഇന്ന് എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. രാവിലെ 9 മണിയോടെ രാജ്പഥിൽ റിപ്പബ്ലിക് ദിന പരിപാടികൾക്ക് തുടക്കം കുറിക്കും. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള സാമൂഹിക അകലം പാലിക്കൽ ഉൾപ്പെടെയുള്ള നടപടികൾ ദേശീയ തലസ്ഥാനത്ത് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ സ്വീകരിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി പരേഡിൽ നിന്നും പലതും ഒഴിവാക്കേണ്ടി വരുമെന്ന് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ നേരത്തെ തന്നെ അറിയിച്ചിരുന്നു. എല്ലാ കാലങ്ങളിലും റിപ്പബ്ലിക് ദിന പരേഡിനെ ആകർഷകമാക്കിയിരുന്ന സൈനിക- അർദ്ധസൈനിക വിഭാഗങ്ങളുടെ മോട്ടോർ സൈക്കിൾ അഭ്യാസ പ്രകടനം കോവിഡ് പശ്ചാത്തലത്തിൽ ഇക്കുറി റദ്ദാക്കിയിട്ടുണ്ട്. അതേസമയം സാധാരണയിൽ നിന്നും വ്യത്യസ്തമായി ബംഗ്ലാദേശ്
സായുധ സേനയിലെ അംഗങ്ങൾ ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കും. ബംഗ്ലാദേശ് സായുധ സേനയിലെ 122 സൈനികരാണ് പങ്കെടുക്കുന്നത്.

ഇത്തവണ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥിയായി എത്തുന്നത് സൂരിനാം പ്രസിഡന്‍റ് ചന്ദ്രികപെര്‍സാദ് സാന്തോഖിയാണ്. സൂരിനാം തെക്കേ അമേരിക്കയില്‍ വടക്കു കിഴക്കന്‍ അറ്റ്ലാന്‍റിക് തീരത്തു സ്ഥിതി ചെയ്യുന്ന രാജ്യമാണ്. മാത്രമല്ല ഇന്ത്യയുമായി മികച്ച നയതന്ത്ര ബന്ധം പുലര്‍ത്തുന്ന ഒരു രാജ്യം കൂടിയാണ് സുരിനാം. നേരത്തേ ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുഖ്യാതിഥിയാകുമെന്നായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുടർന്ന് അദേഹം പിന്മാറുകയായിരുന്നു.

ഇത്തവണത്തെ പരേഡില്‍ ദുർഗ മാതാ കീ ജയ്, ഭരത് മാതാ കീ ജയ് തുടങ്ങിയ സ്തുതികള്‍ക്കും കാഹളങ്ങള്‍ക്കുമൊപ്പം അയ്യപ്പ സ്തുതിയും കേള്‍ക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. ‘സ്വാമിയേ ശരണമയ്യപ്പ’ എന്ന അയ്യപ്പ സ്തുതി മുഴക്കുന്നത് 861 ബ്രഹ്മോസ് റജിമെന്റ് കമാന്റാണ് .

മഹാമരിക്കിടയിലും കേരളത്തിന് ആശ്വാസം എന്നുപറയുന്നത് കേരളത്തിന്‍റെ ഫ്ലോട്ടിന് ഇത്തവണ പരേഡിൽ പങ്കെടുക്കാനുള്ള അനുമതി ലഭിച്ചുവെന്നതാണ്. കഴിഞ്ഞ തവണ കേരളത്തിന് അവസരം ലഭിച്ചിരുന്നില്ല. കയര്‍ മേഖലയേക്കുറിച്ചുള്ള രൂപശില്‍പമാണ്‌ ഇത്തവണ കേരളം ഒരുക്കുന്നത്‌. കേരളത്തെ കൂടാതെ ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, ഛത്തിസ്ഗഡ്, ദില്ലി, ഗുജറാത്ത്, കര്‍ണാടക, ലഡാക്ക്, മഹാരാഷ്ട്ര, പഞ്ചാബ്, സിക്കിം, തമിഴ്‌നാട്, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, വെസ്റ്റ് ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ ഫ്ലോട്ടുകളും പരേഡിൽ പങ്കെടുക്കും.

എന്നാൽ കോവിഡ് മഹാമാരിക്കിടയിൽ നടക്കുന്ന ഈ റിപ്പബ്ലിക് ദിന പരേഡിലെ ആഘോഷങ്ങൾ വളരെ വ്യത്യസ്തമായിരിക്കും. മാത്രമല്ല മുന്‍വര്‍ഷങ്ങളിലേതിനേക്കാൾ കടുത്ത നിയന്ത്രണത്തിലാണ് ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടക്കുന്നത്. ഇത്തവണ പരേഡില്‍ ഇന്ത്യന്‍ വ്യോമസേനയു‌ടെ പുതിയ തേരാളിയായ റാഫേല്‍ യുദ്ധവിമാനം അതിന്റെ സാന്നിധ്യമറിയിക്കും.

വിജയ് ചൗക്കിൽ നിന്നും ആരംഭിക്കുന്ന പരേഡ് റെഡ് ഫോര്‍ട്ട് വരെ 8.2 കിലോമീറ്റര്‍ ആണ് നടത്തിരിയിരുന്നതെങ്കിൽ ഇത്തവണ പരേഡ് വിജയ് ചൗക്കില്‍ നിന്നും ആരംഭിച്ച് നാഷണല്‍ സ്റ്റേഡിയത്തില്‍ അവസാനിക്കുന്ന വിധത്തിലാണ് നടത്തുക. അതായത് പരേഡിന്റെ ദൂരം വെറും 3.3 കിലോമീറ്റര്‍ ആയി ചുരുക്കിയിരിക്കുകയാണ്.

എന്നാൽ മുൻ സൈനികരും സ്ത്രീകളും നടത്തിയിരുന്ന വെറ്ററൻ‌സ് പരേഡും റിപ്പബ്ലിക് ദിന പരിപാടികളുടെ പട്ടികയിൽ നിന്നും പുറത്തായിട്ടുണ്ട്. ധീരതയ്ക്കുള്ള ദേശീയ അവാർ‌ഡുകൾ‌ സ്വീകരിക്കുന്നവരുടെ പരേഡും ഒഴിവാക്കിയിട്ടുണ്ട്. 2020 ലെ റിപ്പബ്ലിക് ദിന പരേഡിൽ 99, 100 വയസ് പ്രായമുള്ളവർ പരേഡിൽ പങ്കെടുക്കുകയും സി.ആർ.പി.എഫിലെ വനിതാ അംഗങ്ങൾ മോട്ടോർ സൈക്കിൾ അഭ്യാസ പ്രകടനങ്ങൾ നടത്തുകയും ചെയ്തിരുന്നു. പ്രായമായവർക്കും കുട്ടികൾക്കും കോവിഡ് ബാധിക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് പരേഡിൽ നിന്നും ആകർഷകമായ പല പരിപാടികളും ഒഴിവാക്കാൻ തീരുമാനിച്ചത്.

ഈ വർഷം സ്കൂൾ കുട്ടികൾക്കായി പ്രത്യേക ഇരിപ്പിടമുണ്ടാകില്ല. ആകെ 25,000 പേർ മാത്രമാകും പങ്കെടുക്കുക. കഴിഞ്ഞ വർഷം വരെ ഇത് 1,50,000 ആയിരുന്നു. ടിക്കറ്റ് വഴി 4,000 പേരെ മാത്രമെ പ്രവേശിപ്പിക്കൂ. സാമൂഹിക അകലം പാലിക്കാൻ സാധിക്കാത്തതിനാലാണ് മോട്ടോർ സൈക്കിൾ അഭ്യാസ പ്രകടനം റദ്ദാക്കിയത്. കാണികളുടെ മാത്രമല്ല മാധ്യമ പ്രവർത്തകരുടെ എണ്ണവും മുന്നൂറിൽ നിന്നും നൂറാക്കി കുറച്ചിട്ടുണ്ട്. ശരീരോഷ്മാവ് പരിശോധിച്ച ശേഷം മാത്രമെ കാണികളെ അകത്തേക്ക് കടത്തി വീടൂ. വിഐപികൾക്ക് കാവൽ നിൽക്കുന്ന സുരക്ഷാ യൂണിറ്റിലെ ഉദ്യോഗസ്ഥർ കോവിഡ് പരിശോധനയ്ക്ക് വിധേയരാകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. മൈതാനത്ത് നിന്നും ആറടി അകലെയാണ് കാണികൾക്കുള്ള ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. കസേരകൾ തമ്മിലുള്ള അകലവും കൃത്യമായി പാലിച്ചിട്ടുണ്ട്.

Related Articles

Latest Articles