Friday, October 2, 2026

ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യ – ഇറാൻ ചർച്ച! അമേരിക്കൻ ആധിപത്യത്തിനെതിരെ തുറന്നടിച്ച് ഇറാൻ വിദേശകാര്യമന്ത്രി

ദില്ലി : ബ്രിക്സ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനിടെ നിർണ്ണായക കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചിയും . മേഖലയിലെ സുരക്ഷയും ഉഭയകക്ഷി സഹകരണവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ഇറാൻ വിദേശകാര്യമന്ത്രി ചർച്ചകൾ നടത്തിയിരുന്നു.

ബ്രിക്സ് യോഗത്തെ അഭിസംബോധന ചെയ്ത ഇറാൻ വിദേശകാര്യമന്ത്രി അമേരിക്കയുടെ ആഗോള നയങ്ങൾക്കെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ലോകരാജ്യങ്ങൾക്കു മേൽ അമേരിക്ക നടത്തുന്ന ഭീഷണികളും സമ്മർദ്ദങ്ങളും ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളേണ്ട കാലം അതിക്രമിച്ചുവെന്ന് അരാഗ്‌ചി പറഞ്ഞു. ഇത്തരം അടിച്ചേൽപ്പിക്കലുകൾക്കെതിരെ ബ്രിക്സ് രാജ്യങ്ങൾ ഒറ്റക്കെട്ടായി ആത്മവിശ്വാസത്തോടെ പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. തകർച്ചയിലേക്ക് നീങ്ങുന്ന സാമ്രാജ്യത്വങ്ങൾ തങ്ങളുടെ പതനം തടയാൻ എന്ത് മാർഗ്ഗവും സ്വീകരിക്കുമെന്നും പരിക്കേറ്റ മൃഗത്തെപ്പോലെ അവ അക്രമാസക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പശ്ചിമേഷ്യയിലെ അസ്ഥിരമായ സാഹചര്യങ്ങൾക്കിടയിൽ സമാധാനം ഉറപ്പാക്കുന്നതിനായുള്ള ചർച്ചകൾക്കും ദില്ലി ആതിഥേയത്വം വഹിക്കുന്ന ഈ സമ്മേളനം വേദിയായി. മെയ് 14, 15 തീയതികളിലായി നടക്കുന്ന വിദേശകാര്യമന്ത്രിമാരുടെ ഈ യോഗം ആഗോള രാഷ്ട്രീയത്തിൽ ബ്രിക്സ് കൂട്ടായ്മയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെയാണ് വ്യക്തമാക്കുന്നത്. ഇന്ത്യയും ഇറാനും തമ്മിലുള്ള ഉന്നതതല ചർച്ചകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തിന് കൂടുതൽ കരുത്തുപകരുമെന്ന് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നു.

Related Articles

Latest Articles