ദില്ലി : ഭാരതം തേടുന്നത് ഉപദേശകരെയല്ല. മറിച്ച് പങ്കാളികളെയാണെന്നും വിദേശരാജ്യങ്ങളിൽ പ്രസംഗിക്കുന്നത് സ്വന്തം രാജ്യത്ത് പ്രാവർത്തികമാക്കാത്ത ഉപദേശകരെ ഭാരതം ആഗ്രഹിക്കുന്നില്ലെന്നും തുറന്നടിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ആർട്ടിക് സർക്കിൾ ഇന്ത്യ ഫോറത്തിൽ, ഇന്ത്യ യൂറോപ്പിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഭൗമരാഷ്ട്രീയ വിഷയങ്ങളിൽ സ്വാധീനം ചെലത്താനുള്ള യൂറോപ്യൻ രാജ്യങ്ങളുടെ ശ്രമങ്ങളെയും അദ്ദേഹം വിമർശിച്ചു. പഹൽഗാം ഭീകാരാക്രമണവും പാകിസ്ഥാനെതിരെ ഇന്ത്യ സ്വീകരിച്ച കർശന നിലപാടുകളും ലോകരാജ്യങ്ങൾക്കിടയിൽ ചർച്ച ചെയ്യപ്പെടുന്നതിനിടയിലാണ് എസ്. ജയശങ്കറുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.
“ഭാരതത്തിന്റർ കാഴ്ചപ്പാടിൽ, രാജ്യങ്ങൾ തമ്മിൽ ഒരു പങ്കാളിത്തം വികസിപ്പിക്കണമെങ്കിൽ ചില ധാരണകളും അവബോധവും ഉണ്ടാകണം. പരസ്പര താത്പര്യങ്ങളും ലോകം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള തിരിച്ചറിവും ഉണ്ടാകണം. ഇവയെല്ലാം യൂറോപ്പിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത നിലയിലാണ് മനസിലാക്കപ്പെടുന്നത്. ചിലർ കൂടുതൽ മുന്നോട്ട് പോയി. ചിലർ അല്പം പിന്നിലേക്കും.”-എസ് . ജയശങ്കർ പറഞ്ഞു.

